മലപ്പുറം: അധ്യാപികമാരുടെ കൂട്ടായ്മയായി ജില്ലയിൽ ‘ഒരുമ’ അധ്യാപികാവേദി രൂപവത്കരിച്ചു. ‘ആരവം 2020’ എന്ന പേരിൽ മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടിയിലാണ് കൂട്ടായ്മ പ്രഖ്യാപിച്ചത്. സംവിധായിക വിധു വിൻസെന്റ് പരിപാടി ഉദ്ഘാടനംചെയ്തു. നിലമ്പൂർ ആയിഷ അധ്യക്ഷത വഹിച്ചു.

കലാപരിപാടികൾ, യാത്രകൾ, സംവാദം, ചർച്ചകൾ എന്നിവയിലൂടെ അധ്യാപികമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ശനിയാഴ്ച നടന്ന പരിപാടിയിൽ 17 ഉപജില്ലകളിൽ നിന്നായി 1500 പേർ പങ്കെടുത്തു. വിവിധ മേഖലകളിൽനിന്ന് കഴിവ് തെളിയിച്ച 179 അധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു.

നർത്തകി വി.പി. മൻസിയ, കവയിത്രി അജിത്രി, എഴുത്തുകാരായ ഡോ. മിനി പ്രസാദ്, പ്രൊഫ. ഷംസാദ് ഹുസൈൻ, കെ. ബദറുന്നിസ, കെ.ടി. രാധ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: അജിത്രി കോട്ടക്കൽ (ചെയ.), കെ.ടി. രാധ (കൺ.).