മലപ്പുറം: സെന്റ് ജെമ്മാസ് ഗേൾസ് സ്കൂളിന്റെ കവാടം കടന്ന് രണ്ടടി നടക്കുമ്പോൾ കുറച്ച് പെൺകുട്ടികൾ നിങ്ങളോട് ചോദിക്കും ചേട്ടാ പ്ലാസ്റ്റിക് കുപ്പി കയ്യിലുണ്ടോന്ന്. ഉണ്ടെന്നാണ് മറുപടിയെങ്കിൽ അത് ഇവിടെ ഏൽപ്പിക്കണമെന്ന് പറയും. വെറുതെ കൊടുത്താൽ പോരാ, പത്തുരൂപയും നൽകണം. തിരികെ പോകുമ്പോൾ രൂപയും കുപ്പിയും മടക്കിക്കിട്ടുകയും ചെയ്യും. കുപ്പികൾ മാറാതിരിക്കാൻ അടയാളമായി ഒരു സ്റ്റിക്കറും ഒട്ടിക്കും. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റാണ് ഈ പരിപാടിക്കുപിന്നിൽ.

മത്സരാർഥികൾക്കും കാണികൾക്കും സഹായത്തിനായി ഒരു സെൽ പ്രവർത്തിക്കുന്നുണ്ട്. അതിനുമുൻപിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്‌... ’ജയിച്ചാലെന്ത് തോറ്റാലെന്ത് ഞങ്ങൾ എൻ.എസ്.എസുണ്ട് കൂടെ’. മത്സരാർഥികൾക്ക് സമ്മർദ്ദമുണ്ടാകരുതെന്നതാണ് എൻ.എസ്.എസ്. സെല്ലിന്റെ ലക്ഷ്യം.

പിന്നെ മനസ്സൊന്ന് തണുക്കാൻ ഒരു ഐസ്‌ക്രീം പാർലറുമുണ്ട്‌. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനവും കുപ്പി തിരികെ കൊണ്ടുപോകാത്തവരുടെ പത്തുരൂപയും ചേർത്ത് ഈ കുട്ടികൾ ചെയ്യുന്നത് മനസ്സ് നിറയ്ക്കുന്ന കാര്യമാണ്.

സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് അഞ്ചംഗകുടുംബത്തെ ദത്തെടുത്തിട്ടുണ്ട്. ഇത് അവർക്കുള്ള പണമാണ്.

ബാക്കിവന്ന കുപ്പികളും അലക്ഷ്യമായി ആളുകൾ ഉപേക്ഷിച്ച കുപ്പികളും വൈകീട്ട് കുട്ടികൾതന്നെ ശേഖരിച്ച് മലപ്പുറം നഗരസഭയുടെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൽ ഏൽപ്പിക്കും. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോളി ജോർജ്ജിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ അതുല്യ വിജയ്, പി. ലക്ഷ്മി, വി.പി. അലീന, എം. ആർദ്ര തുടങ്ങിയവർ സദാസമയവും ഈ ബെഞ്ചിലുണ്ട് ഒരു ’ടിപ്‌സ്’ കൊടുക്കാൻ.

Content Highlights: Malappuram st jammas school organised various help desks for school youth festival