മലപ്പുറം: അണ്ടർ-17 ഫുട്‌ബോൾ കേരള ടീം പ്രഖ്യാപനത്തിൽ വീണ്ടും മലപ്പുറത്തിന്റെ ചിരിത്തിളക്കം. ടീമിലെ ആറുപേരും മലപ്പുറം എം.എസ്.പി.യി സ്‌കൂളിലെ താരങ്ങളാണ്. ജില്ലാ ടീം ക്യാപ്റ്റനായിരുന്ന അക്മൽ ഷാൻ, ഗോൾകീപ്പർ മുഹമ്മദ് ഫായിസ്, ഹാറൂൺ ദിൽഷാദ്, വിഷ്ണു വിജയൻ, പി.ആർ. ശ്രീജിത്ത്, രാഹുൽ രഞ്ജിത്ത് എന്നിവരാണ് എം.എസ്.പിയുടെ അഭിമാനമായിമാറിയവർ.

അക്മൽ മങ്കടക്കാരനും ഹാറൂൺ വണ്ടൂർ സ്വദേശിയുമാണ്. ബാക്കി നാലുപേരും മറ്റുജില്ലകളിൽ നിന്നുള്ളവരാണ്. ഫായിസ് മുക്കം സ്വദേശിയും വിഷ്ണു കൊയിലാണ്ടിക്കാരനുമാണ്. ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീം ഗോൾ കീപ്പറായിരുന്ന ശ്രീജിത്ത് കോട്ടയത്തുനിന്നും രാഹുൽ രഞ്ജിത്ത് തിരുവനന്തപുരത്തുനിന്നുമാണ് എം.എസ്.പിയിലെത്തിയത്.

കാസർകോട് തൃക്കരിപ്പൂരിൽനടന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആറുപേരേയും തിരുവല്ലയിൽനടന്ന പരിശീലനക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ താരമായിരുന്ന അക്മൽ ഷാനെ ക്യാമ്പിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരുന്നു. തുടർന്ന് കോച്ച് സോളി സേവ്യറിന്റെ നിർദേശപ്രകാരമാണ് അക്മൽ ക്യാമ്പിലെത്തിയത്.

ടീമിന്റെ ഇനിയുള്ള പരിശീലനം എറണാംകുളത്താണ്. ഡിസംബർ ഒന്നുമുതൽ ഒൻപതുവരെ ഒഡിഷയിലാണ് ദേശീയ ടൂർണമെന്റ്. 27-ന് ടീം യാത്രതിരിക്കും.

Content High;lights: Malappuram six students from msp school selected to kerala under 17 football team