മലപ്പുറം: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്ങും കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രസ്താവനകൾ കോൺഗ്രസും സി.പി.എമ്മും രാജ്യദ്രോഹികൾക്കൊപ്പമാണെന്നു തെളിയിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ മധ്യമേഖലാ പരിവർത്തനയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ തിരിച്ചെത്തിക്കാൻ സാധിച്ചത് മോദി സർക്കാരിന്റെ നേട്ടമാണ്. രാജ്യത്തെ കർഷകരുടെയും അടിസ്ഥാന വിഭാഗത്തിന്റെയും മുന്നേറ്റത്തിന് മുന്നൂറോളം പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിച്ചത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കുമുന്നിൽ പിണറായി വിജയൻ തോറ്റു പിൻമാറുകയാണുണ്ടായത് -അവർ പറഞ്ഞു.

മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ, ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രൻ, പി. വേണുഗോപാൽ, എം. പ്രേമൻ, ദീപ പുഴയ്ക്കൽ, എൻ. അനിൽകുമാർ, എം. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

അങ്ങാടിപ്പുറത്തുനിന്നാരംഭിച്ച യാത്ര മഞ്ചേരി, എടവണ്ണപ്പാറ, കുന്നുംപുറം എന്നിവിടങ്ങളിൽ പര്യടനംനടത്തി കോഹിനൂരിൽ സമാപിച്ചു.

ഞായറാഴ്ച രാവിലെ 9.30-ന് പരിപ്പനങ്ങാടിയിൽനിന്ന് ആരംഭിച്ച് കൂറ്റനാട് സമാപിക്കും. എം.ടി. രമേശ് നയിക്കുന്ന ഉത്തരമേഖലായാത്ര രാവിലെ ഒൻപതിന് എടക്കരയിൽനിന്ന് ആരംഭിച്ച് വണ്ടൂരിലും അരീക്കോട്ടും പര്യടനംനടത്തി കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.