മലപ്പുറം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലാ ആസ്ഥാനത്ത് വെള്ളിയാഴ്ച പ്രതിഷേധപരമ്പര. ഹർത്താൽദിനത്തിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരേയായിരുന്നു വ്യാപക പ്രതിഷേധം.

അയ്യപ്പ ഭക്തസമിതി

ആചാരങ്ങൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് അയ്യപ്പഭക്തസമിതി ജില്ലാകമ്മിറ്റുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനംനടത്തി. ശബരിമലയിൽ പ്രവേശിച്ച കനകദുർഗ, ബിന്ദു എന്നിവരുടെ കോലം കത്തിച്ചു.

ത്രിപുരാന്തകക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച് കുന്നുമ്മലിൽ സമാപിച്ചു. സുന്ദരൻ ചെറാട്ടുകുഴി ഉദ്ഘാടനംചെയ്തു. സമിതി ജില്ലാസെക്രട്ടറി അശോകൻ കാരത്തോട്, പ്രസിഡന്റ് എം.ആർ. രാജേഷ്, സുബ്രഹ്മണ്യൻ ചേരൂർ തുടങ്ങിയവർ നേതൃത്വംനൽകി.

ഡി.വൈ.എഫ്.ഐ.

അക്രമകാരികളെ ഒറ്റപ്പെടുത്തുക, ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. മലപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രകടനംനടത്തി. പാർട്ടി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് കോട്ടപ്പടിയിൽ സമാപിച്ചു. സമാപനയോഗം ജില്ലാ സെക്രട്ടറി പി.കെ. മുബശ്ശിർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.ടി. റിയാസ് അധ്യക്ഷനായി. പി. ഇല്യാസ്, വി.കെ.റിട്ടു, പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.

എഫ്.എസ്.ഇ.ടി.ഒ.

ഹർത്താൽ ദിനത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കെതിരേയും അധ്യാപക, സർവീസ് സംഘടനകളുടെ ഓഫീസുകൾക്ക് നേരേയും നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ. ജീവനക്കാരും അധ്യാപകരും പ്രകടനംനടത്തി. സമാപന യോഗം കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.കെ.എ. ഷാഫി ഉദ്ഘാടനംചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാസെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ്, പ്രസിഡന്റ് ആർ.കെ. ബിനു, സി.എസ്. മനോജ്, എം. ശ്രീഹരി, വി. വിജിത് എന്നിവർ സംസാരിച്ചു

പത്രപ്രവർത്തക യൂണിയൻ

ഹർത്താലിൽ സംസ്ഥാനവ്യാപമായി മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മറ്റി പ്രതിഷേധപ്രകടനം നടത്തി.

സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാനകമ്മറ്റിയംഗം സമീർ കല്ലായി, വി. അജയകുമാർ, ജയേഷ് വില്ലോടി, ഫ്രാൻസിസ് ഓണാട്ട്, ഇ.സലാഹുദീൻ, കെ. അബ്ദുൽലത്തീഫ് നഹ, വി.എം. സുബൈർ, എൻ.വി. മുഹമ്മദലി തുടങ്ങിയവർ നേതൃത്വംനൽകി.