മലപ്പുറം: മതസൗഹാർദത്തിന്റെ പാരമ്പര്യമാണ് ശബരിമലയുടേതെന്നും അവിടെ വർഗീയത പരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സംഘപരിവാർ ശക്തികളും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന സംസ്ഥാന ജാഥയുടെ ഭാഗമായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ’ഫാസിസ്റ്റ് പ്രതിരോധം നിലവിളികളും നിലപാടുകളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ’വർഗീയമുക്ത ഭാരതം അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് യുവജനയാത്ര നടക്കുന്നത്.

ശബരിമല വിഷയം കൈകാര്യം ചെയ്തതിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയാണ് പിണറായി വിജയൻ ചെയ്തത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയത പുറത്തെടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിലൂടെ ഇതാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രശില്പിയായ നെഹ്റുവിനെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാണ് മോദി പട്ടേലിന്റെ പ്രതിമ നിർമിച്ചതെന്ന് മാധ്യമനിരീക്ഷൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു. രാജ്യത്ത് മതേതര കക്ഷികൾക്കിടയിലുണ്ടായ അനൈക്യമാണ് ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണം. ഫാസിസത്തെ തോൽപ്പിക്കാൻ കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും സാധ്യമല്ലെന്നും കോൺഗ്രസുകാർ ഈ വെല്ലുവെളി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ ടൗൺഹാളിൽനടന്ന പരിപാടിയിൽ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എം. ഷാനവാസ് അധ്യക്ഷനായി. പി.വി. അബ്ദുൾ വഹാബ് എം.പി., പി. ഉബൈദുള്ള എം.എൽ.എ., യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, അഷ്റഫ് പറച്ചോടൻ, നൗഷാദ് മണ്ണിശ്ശേരി, അൻവർ മുള്ളംപാറ, പി.എ. സലാം, പി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Malappuram pk kunhalikkutty speaks aboout sabarimala issue