മലപ്പുറം: ദുരന്തനിവാരണ പ്രവർത്തനത്തിൽ ഇനി ഭിന്നശേഷിക്കാരും ഒരുകൈ നോക്കും. അതിനുള്ള പരിശീലനപരിപാടി മലപ്പുറത്ത് തുടങ്ങി. ഐ.ടി. അറ്റ് സ്കൂളാണ് നാലുദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലനം കളക്ടർ അമിത് മീണ ഉദ്ഘാടനംചെയ്തു. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നത് ഭിന്നശേഷിവിഭാഗത്തിൽപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ഭിന്നശേഷിക്കാരുള്ളത് മലപ്പുറത്താണെന്നും പരിശീലനം അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

ജില്ലാ ദുരന്തനിവാരണവകുപ്പും സാമൂഹ്യനീതിവകുപ്പും ചേർന്ന് നടത്തുന്ന പരിപാടിയിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഡിസെബിലിറ്റി പഠനവിഭാഗമാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്. കാഴ്ച പരിമിതിയുള്ളവർ, കേൾവിശക്തി കുറഞ്ഞവർ, ചലന പരിമിതിയുള്ളവർ, ഭൗതികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ രക്ഷിതാക്കൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഡിെസബിലിറ്റി പഠനവിഭാഗം ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷനായി.

ഡെപ്യൂട്ടി കളക്ടർ അബ്ദുൽറഷീദ്, സബ്ജഡ്ജ് മിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ, സമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസർ തസ്നീം, സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ എം.സി. മനില, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയംഗം കെ. അമൃത, കേരള ഫെഡറേഷൻ ബ്ലൈൻഡ് അസോസിയേഷൻ അംഗം അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.

Content Highlights: Malappuram physically challenged people for disaster management and rescue operations