അങ്ങാടിപ്പുറം: ഹെൽമെറ്റ് വെക്കാത്ത യാത്രക്കാർക്ക് ലഡു നൽകിയാണ് കഴിഞ്ഞദിവസം പാലക്കാട് പോലീസ് ബോധവത്‌കരണത്തിന്റെ പുതിയ മാർഗം അവലംബിച്ചത്. ട്രാഫിക് ബോധവത്‌കരണത്തിൽ ഏറെ വ്യത്യസ്തമായ പുതിയ രീതിയുമായി പെരിന്തൽമണ്ണ കൺട്രോൾറൂമിലെ പോലീസിന്റെ വാഹനപരിശോധന കൗതുകമായി. ഹെൽമെറ്റില്ലാതെ യാത്രചെയ്ത ബൈക്ക് യാത്രക്കാർക്ക് ‘പിഴയായി’ നൽകിയത് പുതിയ ഹെൽമെറ്റുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് പരിശാധനയ്ക്കെത്തിയ പോലീസുകാരാണ് ഹെൽമെറ്റ് തലയിൽവെച്ചുകൊടുത്ത് ജീവന്റെ വില ബോധ്യപ്പെടുത്തിയത്. ഹെൽമെറ്റ് വെക്കാത്തതിനാൽ പോലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് മാറിനിന്നവരും പോലീസ് വാഹനത്തിനടുത്തെത്തി ഹെൽമെറ്റ് വാങ്ങി.
പെരിന്തൽണ്ണ പോലീസ് കൺട്രോൾറൂമിലെ എ.എസ്.ഐ അബ്ദുൾഹക്കീം, സി.പി.ഒ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് കൺട്രോൾറൂമിന്റെ സ്റ്റിക്കർ ഒട്ടിച്ച ഹെൽമെറ്റുകളായിരുന്നു. വാഹനാപകടങ്ങൾ കുറയ്ക്കാനും നല്ലൊരു ഡ്രൈവിങ് സംസ്‌കാരം വളർത്തിയെടുക്കാനുമുള്ള ശ്രമമാണെന്ന് എ.എസ്.ഐ പറയുന്നു.