മലപ്പുറം: ബി.ജെ.പിയെ വലുതാക്കി യു.ഡി.എഫിനെ ഇല്ലാതാക്കാനുള്ള കളിയാണ് സി.പി.എം. നടത്തുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യൂത്ത്‌ലീഗിന്റെ യുവജനയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴുള്ള സി.പി.എമ്മിന്റെ കളികണ്ടാലറിയാം കേരളത്തിൽ അധികകാലം അവർ പോകില്ലെന്ന്. ഒരു ബി.ജെ.പി. നേതാവിനെ അറസ്റ്റുചെയ്ത്‌ കേരളം മുഴുവൻ കൊണ്ടുനടന്ന് വലുതാക്കിക്കാണിക്കുകയാണ് പിണറായി. ലീഗിന് ശബരിമലയിൽ എന്തഭിപ്രായമെന്നാണ് ചിലർ ചോദിക്കുന്നത്. ശബരിമല മതസൗഹാർദത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ്. മതസൗഹാർദം സംരക്ഷിക്കുന്ന പാർട്ടിയാണ് മുസ്‌ലിംലീഗ്.

ഇന്ത്യ ഉടൻ മാറിയില്ലെങ്കിൽ വലിയ അപകടമുണ്ടാകും. രണ്ടുദിവസം കഴിഞ്ഞ് വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. ബാബരി മസ്ജിദ് തകർത്ത് 26 വർഷമായിട്ടും കോടതിവിധി വരാത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങൾ അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ പാണക്കാട് മുനവറലി ശിഹാബ്തങ്ങൾ, എം.പിമാരായ ഇ.ടി. മുഹമ്മദ്ബഷീർ, പി.വി. അബ്ദുൾവഹാബ്, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ്, സി.പി. ജോൺ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ലീഗ് ജില്ലാ ജനറൽസെക്രട്ടറി യു.എ. ലത്തീഫ്, പി.കെ. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.

മഞ്ചേരിയിലും വള്ളുവമ്പ്രത്തും നടന്ന സ്വീകരണത്തിനുശേഷമാണ് ജാഥ മലപ്പുറത്തെത്തിയത്.

യാത്ര ഇന്ന്

യുവജനയാത്ര വെള്ളിയാഴ്ച തിരൂരിലെത്തും. ഉച്ചയ്ക്ക് 2.30-ന് ആലത്തിയൂരിൽ മുസ്‌ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി യു.എ. ലത്തീഫ് ഉദ്ഘാടനംചെയ്യും. വൈകീട്ട് 6.30-ന് തിരൂർ കോരങ്ങത്ത് മൈതാനിയിൽ നടക്കുന്ന സമാപനസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്യും.