മലപ്പുറം: ഹബീബ് ഇതുവരെ ഒന്നും കണ്ടിട്ടില്ല. പിറന്നുവീണത് മുതൽ ആ കണ്ണുകളിൽ ഇരുട്ടാണ്. ഹബീബിന്റെ മാത്രമല്ല, ഇരട്ട സഹോദരൻ അക്ബറിന്റെയും കഥ അതുതന്നെ. വെളിച്ചത്തിലേക്കുള്ള യാത്രയിൽ ഇവരിപ്പോൾ കോളേജ് അധ്യാപകരാണ്.

ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ ഡോ. ചുള്ളിയിൽ ഹബീബ് മറ്റൊരു കാൽവെപ്പുകൂടി നടത്തുകയാണ്. കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ റിസർച്ച് സൂപ്പർവൈസറാകാൻ (റിസർച്ച് ഗൈഡ്) അദ്ദേഹത്തിന് അംഗീകാരം കിട്ടി. ഹബീബിന്റെ മേൽനോട്ടത്തിൽ നാലുപേർക്ക് പിഎച്ച്.ഡി. ഗവേഷണം നടത്താനാകും. കേരളത്തിലെ സർവകലാശാലകളിൽ ആദ്യമായാണ് കാഴ്ചപരിമിതിയുള്ള ഒരാൾക്ക് ഗൈഡ്ഷിപ്പ് കിട്ടുന്നത്.

'കാഴ്ചപരിമിതിയുള്ളവർ മുമ്പും പിഎച്ച്.ഡി. എടുത്തിട്ടുണ്ടെങ്കിലും അവരാരും ഗൈഡ്ഷിപ്പിന് അപേക്ഷിക്കാറില്ല. സാങ്കേതിക ബുദ്ധിമുട്ടാണ് പ്രധാന തടസ്സം. നാല് കുട്ടികൾക്കുകൂടി ഗവേഷണത്തിന് അവസരം കിട്ടുമെന്നത് കണക്കിലെടുത്താണ് ഞാൻ ഈ റിസ്‌ക് ഏറ്റെടുക്കുന്നത്. അതിൽ ഒരാളെങ്കിലും ഭിന്നശേഷി പഠനത്തിൽ ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം.' -ഹബീബ് പറയുന്നു.

വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ചുള്ളിയിൽ കുഞ്ഞമ്മദിന്റെയും ഹവ്വയുടെയും മക്കളാണ് ഹബീബും അക്ബറും. ഫാറൂഖ് കോളേജിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം. ആഗ്രഹിച്ചതുപോലെ ഇരുവരും ഇംഗ്ലീഷിൽ അസിസ്റ്റന്റ് പ്രൊഫസർമാരുമായി. കാഴ്ചയില്ലാത്തവരുടെ നിർമിതിയും പ്രതിനിധ്യവും തിരഞ്ഞെടുത്ത കൃതികളിൽ എന്ന വിഷയത്തിലാണ് ഹബീബിന്റെ ഡോക്ടറേറ്റ്. ഇരുവരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമാണ്.

അക്ബറും വരുന്നുണ്ട്

മലപ്പുറം ഗവ. കോളേജ് അധ്യാപകനായ അക്ബറും ഗവേഷണ പാതയിലുണ്ട്. കാഴ്ചയില്ലാത്തവരുടെ ആത്മകഥകളിലെ സർഗാത്മകത എന്ന വിഷയത്തിൽ ഇതേ കോളേജിലെ ഡോ. എ.ഐ. വിലായത്തുള്ളയുടെ കീഴിലാണ് ഗവേഷണം. ഗവേഷണം പൂർത്തിയാക്കി ഗൈഡ് ആകണമെന്ന് അക്ബറിനും ആഗ്രഹമുണ്ട്.