മലപ്പുറം: മേയ് മാസം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ നരേന്ദ്രമോദി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിത്തീരുമെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി മുകുൾ വാസ്‌നിക്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മലപ്പുറത്ത് ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള അദ്ദേഹം.

ഈയിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജനങ്ങൾ കോൺഗ്രസിനും രാഹുൽഗാന്ധിക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നീണ്ട വർഷങ്ങൾക്കുശേഷം മധ്യപ്രദേശിലും ചത്തീസ്ഗഡിലും സർക്കാരുകൾ രൂപവത്കരിക്കാനും കോൺഗ്രസിന് സാധിച്ചു. എന്നാൽ, മിസോറാമിലും തെലങ്കാനയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനായില്ല.

പാർലമെൻറ് തിരഞ്ഞെടുപ്പിന് മുമ്പുള്ളതിനാൽ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്. സെമിഫൈനൽ എന്നാണ് ചിലർ അതിനെ വിശേഷിപ്പിച്ചത്. എന്നാൽ, പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ നരേന്ദ്രമോദി എല്ലാ രീതിയിലും ശ്രമിച്ചു. പക്ഷേ, അത് ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.സി.സി. പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷനായി. നേതാക്കളായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി. അബ്ദുൽമജീദ്, വി.എ. കരീം, പി.ടി. അജയ്‌മോഹൻ, കെ.പി. അനിൽകുമാർ, ഇ. മുഹമ്മദ് കുഞ്ഞി, പി.ജെ. പൗലോസ്, സി. ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: Malappuram-mukul wasnik-pm modi