മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 30,47,923 പേർക്കാണ് വോട്ടവകാശമുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷം. എന്നാൽ, എട്ട് നിയമസഭാ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കുറവാണ്.

ജില്ലയിലെ 16 മണ്ഡലങ്ങളിൽനിന്നായി 15,26,833 സ്ത്രീകളും 15,21,090 പുരുഷന്മാരുമാണ് പട്ടികയിൽ ഇടംപിടച്ചത്. ബുധനാഴ്ച രാത്രിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 2018 ഒക്ടോബർ ഒന്നിന് പുറത്തിറക്കിയ കരടുപട്ടികയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. കരട് പട്ടികയിൽ 29,66,951 (14,72,791 പുരുഷന്മാരും 14,94,160 സ്ത്രീകളും) പേരാണ് ഉണ്ടായിരുന്നത്. അന്തിമപട്ടികയിൽ 80,972 വോട്ടർമാർ കൂടി. 48,299 പുരുഷന്മാരും 32,673 സ്ത്രീകളുമാണ് കൂടുതലായി ഇടംനേടിയത്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വണ്ടൂർ (2,10,051) മണ്ഡലത്തിലും കുറവ് ഏറനാട് (166320) മണ്ഡലത്തിലുമാണ്. കൂടുതൽ സ്ത്രീ വോട്ടർമാരും വണ്ടൂരിലാണ് (106587). കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, കോട്ടയ്ക്കൽ എന്നീ മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടർമാരുടെ അനുപാതം കുറവ്.

വോട്ടർപട്ടിക താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവൽ ഓഫീസർമാർ, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലെത്തി പരിശോധിക്കാം. പട്ടികയിൽ പേരില്ലാത്തവർ വെബ്‌സൈറ്റ് വഴി (www.ceo.kerala.gov.in) ഓൺലൈനിലൂടെ അപേക്ഷിക്കണം. പുതിയ അപേക്ഷകൾ കൂടി പരിഗണിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയ്യാറാക്കുക.

ജില്ലയിൽ വോട്ടർമാർ

(നിയമസഭാ മണ്ഡലം, പുരുഷന്മാർ, സ്ത്രീകൾ, ആകെ)

കൊണ്ടോട്ടി - 97,458 - 95,243 - 1,92,701

ഏറനാട് - 84113 - 82207 - 1,66,320

നിലമ്പൂർ - 99142 - 103570 - 2,02,712

വണ്ടൂർ - 103464 - 106587 - 2,10,051

മഞ്ചേരി - 96031 - 97005 - 1,93,036

പെരിന്തൽമണ്ണ - 97658 - 101557 - 1,99,215

മങ്കട - 98827 - 100691 - 1,99,518

മലപ്പുറം - 101432 - 97873 - 1,99,305

വേങ്ങര - 89908 - 83024 - 1,72,932

വള്ളിക്കുന്ന് - 93439 - 90401 - 1,83,840

തിരൂരങ്ങാടി - 93032 - 90005 - 1,83,037

താനൂർ - 87446 - 87187 - 1,74,633

തിരൂർ - 100638 - 105262 - 2,05,900

കോട്ടയ്ക്കൽ 99820 - 98518 - 1,98,338

തവനൂർ - 89332 - 92170 - 1,81,502

പൊന്നാനി - 89350 - 95533 - 1,84,883

ആകെ - 1521090 - 1526833 - 30,47,923