മലപ്പുറം: ലോക്‌സഭയിലേക്കുള്ള വിധിയെഴുത്തിന്റെ ആകാംക്ഷയും ആശങ്കയുമെല്ലാം അവസാനിക്കാൻ ഇനി രണ്ടുനാൾ. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അവസാനവട്ട ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കി.

മലപ്പുറം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ഗവ. കോളജിലും പൊന്നാനി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂളിലും സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കളക്ടർ അമിത് മീണ കേന്ദ്രങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ ഒരുക്കങ്ങളുടെ ഭാഗമായി സുവിധ, ട്രെൻഡ് എന്നീ വെബ് ആപ്ലിക്കേഷനുകളുടെ ട്രയൽ ചൊവ്വാഴ്ച രാവിലെ എട്ടിന് നടക്കും.

വ്യാഴാഴ്ച രാവിലെ ഏഴിന് സ്‌ട്രോങ് റൂമിൽനിന്ന്‌ വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളിലേക്കു മാറ്റും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. മലപ്പുറം, പൊന്നാനി മണ്ഡലത്തിലെ പോസ്റ്റൽവോട്ടുകൾ എണ്ണാൻ മലപ്പുറം ഗവ. കോളജിലെ ലൈബ്രറിഹാളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

പോസ്റ്റൽ വോട്ടുകളും ഇ.വി.എം. വോട്ടുകളും എണ്ണി പൂർത്തിയായാൽ വി.വി. പാറ്റ് രസീതുകളും എണ്ണിത്തുടങ്ങും. ഒാരോ അസംബ്ലി നിയോജകമണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വി.വി. പാറ്റുകളാണ് എണ്ണുന്നത്. ഇവ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

വോട്ടെണ്ണൽ നടപടികൾക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്‌സർവർമാരെയും 216 കൗണ്ടിങ് സൂപ്പർ വൈസർമാരെയും 230 കൗണ്ടിങ് സ്റ്റാഫിനെയുമാണ് നിയമിച്ചിട്ടുള്ളത്. നിയോജകമണ്ഡല കൗണ്ടിങ് ഹാൾ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ബുധനാഴ്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും. അവർ ഉദ്യോഗസ്ഥരെ ഫോൺമുഖേന കൗണ്ടിങ് ഹാൾ സംബന്ധമായ വിവരങ്ങൾ അറിയിക്കും.

ഓരോ അസംബ്ലി നിയോജകമണ്ഡലത്തിനും ഓരോ മുറി എന്നനിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മുറിയിൽ 10 മുതൽ 14 വരെ മേശകളുണ്ടാകും. ആവശ്യമെങ്കിൽ കൂടുതൽ മേശകൾ സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. ഇതുകൂടാതെ അസിസ്റ്റന്റ് റിട്ടേണിങ്‌ ഓഫീസർക്കും നിരീക്ഷകനും ഓരോ മേശയുമുണ്ടാകും.

മൊബൈലുകളും വാഹനങ്ങളും പരിധിക്കുപുറത്ത്

പൊതുവായ സുരക്ഷയ്ക്കായി എണ്ണൂറോളം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ്. ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ ഹാളിൽ മൊബൈൽഫോൺ ഉപയോഗിക്കാൻ അനുമതിയില്ല.

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ചീഫ് കൗണ്ടിങ് ഏജന്റ്, തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കുമാത്രമേ പ്രവേശനമുള്ളൂ. വോട്ടെണ്ണൽ വിവരം ലഭ്യമാക്കാൻ മലപ്പുറം ഗവ. കോളജിലും സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് മീഡിയ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. സുവിധ, ട്രെൻഡ് എന്നീ വെബ് ആപ്ലിക്കേഷനുകളിലൂടെ വോട്ടെണ്ണൽ നില തത്സമയം ലഭ്യമാകും.

കളക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടേതുമൊഴികെയുള്ള വാഹനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ഗേറ്റിനുപുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം.