പെരിന്തൽമണ്ണ: ചരക്കുവാഹനങ്ങളിൽ ആളെക്കയറ്റിയുള്ള യാത്രയ്ക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പറയുമ്പോഴും അധികൃതർക്കുമുന്നിലൂടെ ഇത്തരം യാത്രകൾ തുടരുന്നു. അടുത്തിടെ കൂട്ടിലങ്ങാടിയിൽ ചരക്കുവാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ഇതോടെ ഇത്തരം യാത്രകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് വാഹനവകുപ്പും വ്യക്തമാക്കിയിരുന്നു. നിർമാണമേഖലയിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഈ വാഹനങ്ങളിൽ യാത്രചെയ്യുന്നത്.
കോൺക്രീറ്റിങ്ങിനുള്ള യന്ത്രവും ഏണിയും വാഹനത്തിൽ കയറ്റി അതിൻമേലിരുന്നും മറ്റുമാണ് യാത്ര. പണിസ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോകുന്ന വാഹനത്തിൽ അതാതിടത്തേക്ക് എത്താനുള്ള എളുപ്പവും ഇവർ നോക്കുന്നു. പലപ്പോഴും യന്ത്രം മുകളിലേക്ക് ചരിഞ്ഞും പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങൾ മറ്റു വാഹനങ്ങളിൽ തട്ടിയും അപകടമുണ്ടാകുന്നുണ്ട്. നിത്യേന നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്ന പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലും പരിസരങ്ങളിലും ഇത് സ്ഥിരം കാഴ്ചയാണ്.
ഓരോ ഭാഗത്തേക്കുള്ള പണിക്കാരെ ഇത്തരം വാഹനത്തിൽ കയറ്റിവിടുന്നതിലൂടെ യാത്രച്ചെലവ് ലാഭിക്കുന്ന ഇടനിലക്കാരുമുണ്ട്.