മലപ്പുറം: 16 മണ്ഡലത്തിലേയും വോട്ടെടുപ്പുയന്ത്രങ്ങൾ വോട്ടെണ്ണൽകേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ നാല് വോട്ടെണ്ണൽകേന്ദ്രങ്ങളാണ് ഉള്ളത്. മലപ്പുറം ഗവ. കോളേജ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്., മലപ്പുറം സെന്റ് െജമ്മാസ് ഹയർസെക്കൻഡറി സ്കൂൾ, നിലമ്പൂർ ഗവ. മാനവേദൻ വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് വോട്ടെണ്ണുക.
ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് പലയിടത്തും വോട്ടെടുപ്പ് അവസാനിച്ചത്. അതിനാൽ ബുധനാഴ്ച പുലർച്ചെയാണ് പല മണ്ഡലങ്ങളിലേയും വോട്ടെടുപ്പുയന്ത്രങ്ങൾൾ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽകേന്ദ്രങ്ങളിൽ എത്തിച്ചത്. നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു നീക്കം.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലെ യന്ത്രങ്ങൾ മലപ്പുറം ഗവ. കോളേജിലാണ് സൂക്ഷിക്കുന്നത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി, തിരൂർ, താനൂർ, കോട്ടയ്ക്കൽ നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലെ യന്ത്രങ്ങൾ മലപ്പുറം സെന്റ് െജമ്മാസ് ഹയർസെക്കൻഡറി സ്കൂളിലും തവനൂർ, പൊന്നാനി, തൃത്താല നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലെ യന്ത്രങ്ങൾ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിലും വയനാട് ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭാമണ്ഡലത്തിലെ ബൂത്തുകളിലെ യന്ത്രങ്ങൾ നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സൂക്ഷിക്കും. മലപ്പുറത്തെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽ എത്തിച്ച യന്ത്രങ്ങളും രേഖകളും ജില്ലാ വരണാധികാരികൂടിയായ കളക്ടർ അമിത് മീണ, നിരീക്ഷകരായ പത്മ ജയ്സ്വാൾ, ചന്ദ്രകാന്തുകി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ സീൽചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.