മലപ്പുറം: ബി.എൻ. മല്ലിക് ഓൾ ഇന്ത്യാ പോലീസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസിന് ആദ്യജയം. കരുത്തരായ സിക്കിം പോലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻചാമ്പ്യന്മാർ മറികടന്നത്. 20-ാം മിനിറ്റിൽ മുഹമ്മദ് ഷനൂബ് പെനാൽറ്റിയിലൂടെയാണ് വിജയഗോൾ നേടിയത്.
തുടക്കം മുതൽ കേരളവും സിക്കിമും ആക്രമിച്ചു കളിച്ചെങ്കിലും ഇരുടീമുകളും ഗോളവവസരം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. ഇതിനിടെയാണ് ഹർഷാദിനെ വീഴ്ത്തിയതിന് പെനാൽറ്റി ലഭിച്ചത്. ഇടവേളക്കുശേഷവും ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും പരുക്കനടവുകൾ പുറത്തെടുത്തപ്പോൾ റഫറിക്ക് പിടിപ്പത് പണിയായി. ഇതിനിടെ ഫിറോസിനും സുജിലിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും സിക്കിം ഗോളി വില്ലനായി.
കളിയുടെ അവസാന മിനിറ്റിൽ ജൂനിയർ ബൈച്ചുങ് ബൂട്ടിയ സിക്കിമിനായി ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. ഗോളിന് വേണ്ടി കളിക്കാർ വാദിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു.