മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ രണ്ടുസീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ് ആധിപത്യം സ്ഥാപിച്ചു. പിടിച്ചെടുത്ത രണ്ടിടങ്ങളിലും ഭരണം യു.ഡി.എഫിന് നഷ്ടമാകും. ഒരുസീറ്റ് യു.ഡി.എഫ്. നിലനിർത്തി.

തിരൂർ ബ്ലോക്ക്പഞ്ചായത്ത് പുറത്തൂർ ഡിവിഷനും കാവനൂർ പഞ്ചായത്തിലെ 16-ാം വാർഡുമാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. വണ്ടൂർ ബ്ലോക്കിലെ ചെമ്പ്രശ്ശേരി ഡിവിഷൻ യു.ഡി.എഫ്. നിലനിർത്തി.

പുറത്തൂരിൽ സി.പി.എമ്മിലെ സി.ഒ. ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി സി.എം. പുരുഷോത്തമനെയാണ് തോൽപ്പിച്ചത്. ഇതോടെ യു.ഡി.എഫിന് സിറ്റിങ്‌സീറ്റ് നഷ്ടമായി. യു.ഡി.എഫ്. അംഗം ടി.പി. അശോകൻ മരിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴുമാണ് നിലവിൽ കക്ഷിനില. ഇടതുമുന്നണി അവിശ്വാസപ്രമേയം കൊണ്ടുവരികയോ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസാരഥികൾ രാജിവെക്കുകയോ ചെയ്താൽ ഇടതുമുന്നണി അധികാരത്തിലെത്തും.

കാവനൂരിൽ എൽ.ഡി.എഫ്. സ്വതന്ത്ര ഷാഹിന 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ മുക്കണ്ണൻ സഫിയയെ തോൽപ്പിച്ചത്. ഇവിടെ മുസ്‌ലിംലീഗിലെ പടലപ്പിണക്കമാണ് എൽ.ഡി.എഫിനെ സഹായിച്ചത്. 2015-ൽ എൽ.ഡി.എഫ്. അധികാരത്തിൽവന്ന പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ. അഹമ്മദ് ഹാജി പിന്തുണ പിൻവലിച്ച് യു.ഡി.എഫിനൊപ്പം ചേർന്നതോടെ കഴിഞ്ഞ സെപ്റ്റംബറിൽ യു.ഡി.എഫ്. അധികാരത്തിൽ വന്നു. ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മത്സരിച്ച് എൽ.ഡി.എഫ്. പിന്തുണയോടെ ജയിച്ച അഹമ്മദ് ഹാജിയെ ലീഗിൽ തിരിച്ചെടുത്തതോടെ പാർട്ടി രണ്ടുചേരിയായി. അഹമ്മദ് ഹാജിക്കൊപ്പം നിൽക്കുന്ന ഔദ്യോഗികപക്ഷത്തോടുള്ള പ്രതിഷേധസൂചകമായി 16-ാം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന സി.ടി. ഫാത്തിമ തന്റെ അംഗത്വം രാജിവെക്കുകയായിരുന്നു. അതോടെ ഇരുപക്ഷത്തും ഒമ്പത് അംഗങ്ങൾ വീതമായി. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് എൽ.ഡി.എഫ് കൊണ്ടുപോയതോടെ 10-9 ആയി കക്ഷിനില. പഞ്ചായത്തിന്റെ ഭരണവും യു.ഡി.എഫിന് നഷ്ടമാകും. ഫാത്തിമയെ പിന്തുണയ്ക്കുന്നവർ ഖായിദെമില്ലത്ത് ഫോറം എന്നപേരിൽ സംഘടന രൂപവത്കരിച്ച് കുഴിയേങ്ങര ഷഹന റിയാസിനെ മത്സരിപ്പിച്ചിരുന്നു. ഷഹനയ്ക്ക് 69 വോട്ടും കിട്ടി. ലീഗിന് ലഭിക്കേണ്ടിയിരുന്ന ഈ വോട്ടാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുത്തിയത്.

വണ്ടൂർ ചെമ്പ്രശ്ശേരി ഡിവിഷനിൽ പ്രതിനിധിയായിരുന്ന ടി. ഉമ്മർ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. മുസ്‌ലിംലീഗിലെ ടി.എച്ച്. മൊയ്തീൻ 311 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.ടി. സുരേന്ദ്രനെ തോൽപ്പിച്ചത്.

Content Highlights: local body by election result in malappuram