മലപ്പുറം: കേരളരാഷ്ട്രീയം കണ്ട അപൂർവ നേതാവായ കെ.എം. മാണിയെ മലപ്പുറത്ത് സർവകക്ഷിയോഗം അനുസ്മരിച്ചു.

ടൗൺഹാളിൽ നടന്ന യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയതിൽ പ്രമുഖനായിരുന്നു മാണിയെന്ന് അദ്ദേഹം പറഞ്ഞു. മതമൈത്രിക്ക് വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. പാണക്കാട് കുടുംബവുമായി മുൻ അധ്യക്ഷൻ ശിഹാബ് തങ്ങളുമായും അടുത്തബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും തങ്ങൾ പറഞ്ഞു

കേരളത്തെ ഇത്രമാത്രം സ്വാധീനിച്ച ഒരു നേതാവുണ്ടാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി താരതമ്യേന മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ കേരളീയർ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലും പാണ്ഡിത്യമുണ്ടായിരുന്നു കെ.എം. മാണിക്കെന്ന് കോൺഗ്രസ്‌ നേതാവ് ആര്യാടൻമുഹമ്മദ് അനുസ്മരിച്ചു. കേരളം സാമ്പത്തികമായി കൂപ്പുകുത്തിയ സമയത്തുപോലും അതിൽനിന്ന് കരകയറ്റിയത് അദ്ദേഹത്തിന്റെ നയങ്ങളാണ്. വിമർശിക്കുന്നവനോടുപോലും സ്നേഹം മനസ്സിൽ കരുതിയവ്യക്തിയാണ് മാണിയെന്ന് അബ്ദുസമ്മദ് സമദാനി പറഞ്ഞു. ഉള്ളുതുറന്ന് ചിരിച്ച നേതാവായിരുന്നു അദ്ദേഹമെന്നും സമദാനി അഭിപ്രായപ്പെട്ടു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ പി. ഉബൈദുള്ള, പി.കെ. ബഷീർ, എ.പി. അനിൽകുമാർ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. രാമചന്ദ്രൻ, സബാഹ് പുൽപ്പറ്റ, ഇ.എൻ. മോഹൻദാസ്, ചാക്കോ വർഗ്ഗീസ്, കാർത്തികേയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.