മലപ്പുറം: റോഡുപണിയുടെ പേരിൽ ദിവസങ്ങളായി പൊടിതിന്നുകയാണ് കാവുങ്ങൽ-മുണ്ടുപറമ്പ് ബൈപ്പാസ് നിവാസികൾ.
ഏഴുമീറ്റർ വീതിയുള്ള റോഡ് 15 മീറ്ററിൽ നാലുവരിയാക്കി വികസിപ്പിക്കുന്ന പണിയാണ് ഇവിടെ നടക്കുന്നത്. ഓരോരോ പാളികളായി പണി നടന്നുവരികയാണ്. എന്നാൽ ഒരാഴ്ചയായി പൊടിശല്യം രൂക്ഷമാണ്.
ചൊവ്വാഴ്ച മൂന്ന് വണ്ടിയിൽ ഇവിടെ വെള്ളം പമ്പ്ചെയ്തതായി കൗൺസിലർ കെ.വി. ശശി പറഞ്ഞു. വാഹനങ്ങൾ ഇപ്പോഴും ഇതുവഴി നിർബാധം പോകുന്നുണ്ട്. ഓരോ വാഹനവും കടന്നുപോകുമ്പോഴുള്ള പൊടി റോഡിന് ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കാണ് പറക്കുന്നത്. വീടുകളും മരങ്ങളുമെല്ലാം പൊടിപിടിച്ചുകഴിഞ്ഞു. പൊടി ശ്വസിച്ച് നാട്ടുകാരും വലഞ്ഞു.
പണി തീരുന്നതുവരെ എല്ലാദിവസവും വെള്ളമടിക്കുകയോ വാഹനഗതാഗതം പൂർണമായി നിർത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാർക്ക് സഞ്ചരിക്കാൻ ചെറുറോഡുകൾ വേറേയുമുള്ളതിനാൽ ബൈപ്പാസ് റോഡ് പൂർണമായും അടച്ചിടണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെടുന്നു. മുണ്ടുപറമ്പ് ബൈപ്പാസിൽ വലിയ വാഹനങ്ങൾ നിയന്ത്രിച്ചാലും ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാമെന്ന് കൗൺസിലർ പറഞ്ഞു.