മലപ്പുറം: മഴപെയ്യുന്ന രാത്രിയിൽ ഒട്ടും മടിയില്ലാതെ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോയുടെ ഭാഗമായി. വ്യാഴാഴ്ച രാത്രി 9.30-നാണ് മലപ്പുറത്ത് റോഡ് ഷോ നടന്നത്.

പട്ടാമ്പിയിൽനിന്ന് ഒമ്പതുമണിക്ക് മലപ്പുറം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി യു.എ. ലത്തീഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിൽ റോഡ്ഷോയിലായിരുന്ന കുഞ്ഞാലിക്കുട്ടി ഉടൻ തന്നെ ഓഫീസിലെത്തി. വൈകാതെ ഇരുവരും തുറന്ന വാഹനത്തിൽ റോഡ്‌ഷോയ്ക്ക് പുറപ്പെട്ടു. നല്ല മഴപെയ്തിട്ടും ഗുലാം നബി വാഹനത്തിൽ നിന്നിറങ്ങിയില്ല. മൈലപ്പുറത്തെ സ്വീകരണകേന്ദ്രത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബി.ജെ.പിയുടെ അവസാനമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കാണാൻ പോകുന്നതെന്നും മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മുഴുവൻ വോട്ടർമാരുടെയും സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയ്ക്ക് ശേഷം രാത്രി 10 -ഓടെ അദ്ദേഹം കോഴിക്കോട്ടേക്ക് മടങ്ങി.