മലപ്പുറം: പ്രളയകാലത്തിന്റെ ഓർമയിൽ അവർ ഒരുമിച്ച് ജഴ്‌സിയണിഞ്ഞു. ശിശുദിന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ചൈൽഡ്‌ലൈൻ കുടുംബശ്രീ ജില്ലാമിഷനുമായി സഹകരിച്ചായിരുന്നു ഫുട്‌ബോൾമത്സരം സംഘടിപ്പിച്ചത്. പ്രളയബാധിത പഞ്ചായത്തുകളെ ഉൾപ്പെടുത്തിയായിരുന്നു അണ്ടർ-18 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

കുട്ടികളിൽ കായികവിനോദം പ്രോത്സാഹിപ്പിക്കുക, കൗമാരതാരങ്ങളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു മത്സരം. ഊർങ്ങാട്ടിരി, അരീക്കോട്, വാഴക്കാട് കോഡൂർ, വള്ളിക്കുന്ന്, വെളിയങ്കോട് പഞ്ചായത്തുകളാണ് പങ്കെടുത്തത്. ഫൈനലിൽ ഊർങ്ങാട്ടിരി എതിരില്ലാത്ത ഒരു ഗോളിന് വള്ളിക്കുന്നിനെ പരാജയപ്പെടുത്തി.

ജില്ലയിൽ മികച്ച ബാലസംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയ ഫെയ്‌മസ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വേങ്ങര, ഷൈൻ ഗ്രൂപ്പ് വാണിയന്നൂർ, എഫ്.ആർ.സി. പാങ്ങ്, എൻ.സി.എ.എസ്.സി. പാവിട്ടപുറം, യുവ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വെട്ടം എന്നീ ക്ലബ്ബുകളെ ചടങ്ങിൽ ആദരിച്ചു.

പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ഹേമലത അധ്യക്ഷയായി. സി.പി. സലീം, കെ.എസ്. അസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Malappuram football tournament for flood affected panchayaths