മലപ്പുറം: അധികൃതരറിയുന്നുണ്ടോ, ആദ്യത്തെ മഹാപ്രളയം തകർത്തെറിഞ്ഞ അനാഥജീവിതങ്ങൾ ഇപ്പോഴുമുണ്ടിവിടെ. 12 ജീവനും രണ്ടു വീടും നഷ്ടപ്പെട്ടവർ. അതിനുശേഷം ഒരു പ്രളയകാലംകൂടി കടന്നുപോയി. പക്ഷേ, ഇവരുടെ ദുരിതങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല.

പൊലിഞ്ഞത് 12 ജീവൻ...

2018 ഓഗസ്ത് 15-ന് ഐക്കരപ്പടിക്ക് സമീപം പൂച്ചാലിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മൂന്നംഗ കുടുംബം മണ്ണിടിഞ്ഞുവീണ് മരിച്ചെന്ന വാർത്തകേട്ടാണ് നാടുണർന്നത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് മൂന്ന് കിലോമീറ്റർ അകലെ കൊടപ്പുറത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണത്. കൊടപ്പുറം പാണ്ടികശാല കൊറ്റങ്ങോട്ട് അസ്കറിന്റേയും പൂച്ചാൽ കണ്ണനാരി അബ്ദുൽ അസീസിന്റേയും ഇരുനില വീടുകളാണ് മണ്ണിൽ തകർന്നടിഞ്ഞത്. അസ്‌കറലിയുടെ സഹോദരനും ഭാര്യയും മക്കളും നാട്ടുകാരും ഉൾപ്പെടെ ഒൻപത് പേർ തത്‌ക്ഷണം മണ്ണിൽ പുതഞ്ഞു. അപകടസമയത്ത് അസ്‌കറലിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. പൂച്ചാലിൽ കണ്ണനാരി അബ്ദുൽ അസീസ് (48) ഭാര്യ സുനീറ(42), ഇളയ മകൻ മുഹമ്മദ് ഉബൈദ് (ആറ്) എന്നിവരാണ് മരിച്ചത്. ഉബൈദിന്റെ മൂത്ത സഹോദരങ്ങളായ ഉവൈസും(19) ഉനൈസും(18) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇനിയെന്ന് സ്വന്തം വീട്ടിലേക്ക്... ?

പൂച്ചാലിലും കൊടപ്പുറത്തുമുണ്ടായ മണ്ണിടിച്ചിലിൽ രണ്ട്കുടുംബങ്ങളുടെ വീടുകൾ പൂർണമായും തകർന്നതിനാൽ ഇവർക്ക് ഭൂമിവാങ്ങാൻ ആറ് ലക്ഷവും വീട് വെക്കാൻ നാല് ലക്ഷവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വർഷം ഒന്നു കഴിഞ്ഞിട്ടും പണം മുഴുവൻ നൽകി ഇവരുടെ പുനരധിവാസം യാഥാർഥ്യമാക്കാനായിട്ടില്ല.

പ്രിയപ്പെട്ടവർക്കൊപ്പം കൊടപ്പുത്തെ അസ്‌കറിന് നഷ്ടമായത് കടമെടുത്തുണ്ടാക്കിയ ഇരുനില കോൺക്രീറ്റ് വീടും പതിനേഴര സെന്റ് സ്ഥലവുമാണ്. ഇതോടെ മരിച്ച സഹോദരൻ ബഷീറിന്റെ വീട്ടിലാണ് അസ്‌കറും കുടുംബവും താമസിക്കുന്നത്. ഉമ്മയേയും ഉപ്പയേയും സഹോദരനേയും നഷ്ടമായതോടെ ഒറ്റപ്പെട്ട പൂച്ചാലിലെ ഉനൈസും ഉവൈസും അത്താണിക്കലെ അമ്മാവന്റെ വീട്ടിലാണ് താമസം. മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാറിന്റെ നാല് ലക്ഷം രൂപയും അടിയന്തിര സഹായം പതിനായിരം രൂപയും ബന്ധുക്കൾക്ക് ലഭിച്ചെങ്കിലും കയറിക്കിടക്കാൻ ഒരിടം ഇനിയും ഇവർക്ക് ആയിട്ടില്ല.

വീട് നിർമാണം പാതിവഴിയിൽ...

അസ്കറിന് കൊട്ടപ്പുറം ഹൈസ്കൂളിന് സമീപം ഭൂമി കണ്ടെത്തി വീട് നിർമാണം ആരംഭിച്ചെങ്കിലും തറപ്പണി മാത്രമാണ് പൂർത്തിയായത്.

ഉനൈസിനും ഉവൈസിനും അത്താണിക്കലിലെ അമ്മാവന്റെ വീടിന് സമീപം അഞ്ച് സെന്റ് ഭൂമിവാങ്ങിയെങ്കിലും വീട് പണി തുടങ്ങാനായിട്ടില്ല. ഇരുവർക്കും ഭൂമിക്കും തറ പണിയാനുമായി 6.95 ലക്ഷം രൂപ ആദ്യഘഡുവായി കിട്ടി. എന്നാൽ ഇൗ തുക ഭൂമി വാങ്ങാൻപോലും തികഞ്ഞില്ലെന്ന് ഉവൈസിന്റെ അമ്മാവൻ അലി പറഞ്ഞു.

ബന്ധുക്കളിൽനിന്നും മറ്റും പണം കടംവാങ്ങിയാണ് ഭൂമി വാങ്ങിയത്. രജിസ്ട്രേഷന് ശേഷം മാത്രമേ സർക്കാർ തുക അനുവദിക്കൂവെന്നതിനാൽ ഇത്രയും തുക ആദ്യം മുടക്കാൻ കയ്യിലില്ലായിരുന്നു. ഇത് വീട് നിർമാണത്തിന് തടസ്സമായി. തറനിർമാണം പൂർത്തിയായശേഷം രണ്ട് ഘട്ടങ്ങളിലായാണ് അടുത്ത ഗഡു ലഭിക്കുക. നിർമാണ വസ്തുക്കളുടെ വില കുത്തനെ കൂടിയതിനാൽ വെറും നാല് ലക്ഷം രൂപയക്ക് വീട് പണി എങ്ങനെ പൂർത്തിയാക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

ഈ മിടുക്കർക്ക് ഇനിയും പഠിക്കണം

പഠനത്തിൽ ഏറെ മിടുക്കന്മാരാണ് പൂച്ചാലിലെ അസീസിന്റെ മക്കളായ ഉവൈസും ഉനൈസും. ഉനൈസ് വാഴയൂർ സാഫി കോളേജിൽ ബി.ബി.എയ്ക്കും ഉവൈസ് ബി.കോം പഠനത്തിന് ശേഷം കോഴിക്കോട്ട് അക്കൗണ്ടിങിനും പഠിക്കുന്നു.

ഓട്ടോ ഡ്രൈവറായ ഉപ്പ തന്നെയിരുന്നു ഇവരുടെ ഏക ആശ്രയം. ഇതില്ലാതായതോടെ ഉപരി പഠനം എങ്ങനെ തുടരുമെന്ന ആശങ്കയിലാണിവർ. ഇപ്പോൾ അമ്മാവനാണ് ഇരുവരുടേയും കാര്യങ്ങൾ നോക്കുന്നത്. ഇവരുടെ പഠനത്തിന് സന്നദ്ധ സംഘടനകൾ കനിഞ്ഞതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ല.

മുഹമ്മദലിക്ക് ലഭിച്ചത് 4,300 രൂപ

കൊടപ്പുറത്തെ മണ്ണിടിച്ചിലിൽ കഴുത്തോളം ചെളിയിലകപ്പെട്ടിട്ടും രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെട്ടയാളാണ് കൊടപ്പുറം കൊറ്റങ്ങോട്ട് മുഹമ്മദലി. കാലിന് സാരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽകോളേജിൽ ആറുദിവസം ചികിത്സയിൽ കഴിഞ്ഞു. ഒരുവർഷമായിട്ടും കാലിന്റെ പരിക്ക് തീർത്തും ഭേദമായിട്ടില്ലെന്ന് മുഹമ്മദലി പറഞ്ഞു. കാര്യമായി പണിയെടുത്താൽ കാലിന് വീക്കം വരുന്നതിനാൽ നേരത്തേയുണ്ടായിരുന്ന കേബിൾ പണി ഉപേക്ഷിച്ച് പച്ചക്കറിക്കടയിൽ ജോലിതേടിയിരിക്കുകയാണിപ്പോൾ. കാലിന്റെ എല്ലിന് പൊട്ടലില്ലാത്തതിനാലും ഒരാഴ്ചയിൽ കുറഞ്ഞ ദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞതിനാലും 4,300 രൂപമാത്രമാണ് മുഹമ്മദലിക്ക് സർക്കാർ സഹായമായി അനുവദിച്ചത്. ഇത് ചികിത്സയ്ക്കുപോലും തികഞ്ഞില്ലെന്ന് മുഹമ്മദലി പറയുന്നു.