മലപ്പുറം: കലോത്സവത്തിന്റെ രണ്ടാംദിനം കൊണ്ടോട്ടിയെ പിന്തള്ളി മഞ്ചേരി ഉപജില്ല ഹൈസ്‌കൂൾ വിഭാഗത്തിൽ മുന്നിലെത്തി. 178 പോയിന്റോടെയാണ് മഞ്ചേരിയുടെ കുതിപ്പ്. രണ്ടാംസ്ഥാനത്തുള്ള കൊണ്ടോട്ടിക്ക് 165 പോയിന്റും കുറ്റിപ്പുറത്തിന്‌ 163 പോയിന്റുമുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ മലപ്പുറം ബഹുദൂരം മുന്നിലാണ്. 233 പോയിന്റ് മലപ്പുറം ഉപജില്ല ഇതിനകം സ്വന്തമാക്കി.

രണ്ടാമതുള്ള കൊണ്ടോട്ടിക്ക് 201 പോയിന്റും മൂന്നാമതുള്ള എടപ്പാളിന് 200 പോയിന്റുമുണ്ട്. സംസ്‌കൃതം കലോത്സവത്തിൽ 83 പോയിന്റോടെ കൊണ്ടോട്ടിയും അറബി കലോത്സവത്തിൽ 51 പോയിന്റുമായി നിലമ്പൂരും കൊണ്ടോട്ടിയും ഒപ്പത്തിനൊപ്പവുമാണ്.

ആദ്യദിനത്തിൽ കാണികളുടെ എണ്ണം കുറവായിരുന്നുവെങ്കിൽ രണ്ടാംദിനം ചിത്രമാകെ മാറി. പ്രധാന വേദികളിലെ പന്തലുകളെല്ലാം നിറഞ്ഞു. ചെലവുചുരുക്കലിന്റെ ഭാഗമായി പന്തലുകളിൽ കസേരകളുടെ എണ്ണം കുറച്ചത് കാണികളെ നിരാശരാക്കി. പ്രായമായവരും കുട്ടികളും ഇരിപ്പിടമില്ലാതെ വലഞ്ഞു.

ഗവ. ഗേൾസ് മലപ്പുറം, എം.എസ്.പി. എച്ച്.എസ്.എസ്, സെന്റ് ജെമ്മാസ് എന്നിവിടങ്ങളിലെല്ലാം കാണികളുടെ ബാഹുല്യമായിരുന്നു. പരിപാടികളിൽ ചെലവുചുരുക്കിയെങ്കിലും ആസ്വാദനത്തിൽ ഒട്ടും പകിട്ട് കുറച്ചില്ല.

അവസാനദിനമായ വ്യാഴാഴ്ച ഇഷ്ടയിനങ്ങളായ ഒപ്പനയും ദഫ്മുട്ടും തിരുവാതിരക്കളിയും എത്തുമ്പോൾ മലപ്പുറം കാണികളുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിക്കുമെന്നാണ് സംഘാടകരുടെ വിശ്വാസം.

Content Highlights: Malappuram District school youth festival