മലപ്പുറം: ഒരു മണ്ഡലത്തിൽ നിന്ന് രണ്ട് എം.എൽ.എമാരും രണ്ട് എം.പിമാരും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം? അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഒരു മണ്ഡലത്തിൽ നിന്ന് ഒരു ജനറൽപ്രതിനിധിയും ഒരു സംവരണപ്രതിനിധിയുമുണ്ടായിരുന്ന കാലം. 1957-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 1960-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വരെ ഈ രീതി നിലവിലുണ്ടായിരുന്നു. അങ്ങനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ചില അപൂർവതകളും കൗതുകങ്ങളും ഓർത്തെടുക്കുകയാണ് ആര്യാടൻ മുഹമ്മദ് എന്ന മലപ്പുറത്തെ കോൺഗ്രസ് കാരണവർ. മലപ്പുറത്ത് കോൺഗ്രസ്സിന് മുസ്‌ലിംലീഗിൽ നിന്ന് ഇതരമായ ഒരു രാഷ്ട്രീയവ്യക്തിത്വമുണ്ടെന്ന് പറഞ്ഞും പ്രവർത്തിച്ചും കാണിച്ചുകൊടുത്ത രാഷ്ട്രീയക്കാരൻ.

ചുമരെഴുതി, ജാഥ വിളിച്ചു, കൊടികെട്ടി...

ആര്യാടന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് 1952-ൽ നിയമസഭാ -ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു വന്ന കാലത്താണ്. മധുരപ്പതിനാറായിരുന്നു പ്രായം. അന്ന് നിയമസഭയിലേക്ക് മത്സരിച്ചതിലൊരാൾ മുഹമ്മദ് അബ്ദുറഹിമാന്റെ അനുജൻ ഇബ്രാഹിമും സംവരണ മണ്ഡലത്തിൽ കെ.കുഞ്ഞമ്പുവുമായിരുന്നു. പ്രസംഗിക്കുന്നവർക്ക് മെഗാഫോൺ പിടിച്ചുകൊടുക്കലായിരുന്നു പ്രധാന പരിപാടി. പിന്നെ ചുമരെഴുത്തുകാർക്ക് കൂട്ടുപോവുക, ജാഥ വിളിക്കുക, കൊടികൾ കെട്ടുക.. അങ്ങനെല്ലാ പണിയുംചെയ്തു. കൈയക്ഷരം മോശമായതിനാൽ എഴുതില്ല. അന്നത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തോറ്റു. ലീഗിനായിരുന്നു ജയം. വി. പോക്കർ സാഹിബ് ലോക്‌സഭയിലേക്കും കെ.എം. സീതിയും ചടയനും നിയമസഭയിലേക്കും ജയിച്ചു. 1954-ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിലാണ് ആര്യാടൻ ഒരു മുഴുവൻ സമയ പ്രവർത്തകനാവുന്നത്. അന്ന് മണ്ഡലത്തിന് ഫർക്കയെന്നാണ് വിളിപ്പേര്. നിലമ്പൂർ മേഖല വണ്ടൂർ ഫർക്കയ്ക്ക് കീഴിലായിരുന്നു. വണ്ടൂർ ഫർക്കയിൽ കോൺഗ്രസ് സ്ഥാനാർഥി പാലാട്ട് കുഞ്ഞിക്കോയ സാഹിബ്. അക്കാലത്താണ് ആര്യാടൻ രാഷ്ട്രീയപ്രസംഗം തുടങ്ങുന്നത്. കോൺഗ്രസ്, ലീഗ് ,കമ്യൂണിസ്റ്റ് പാർട്ടി ത്രികോണ മത്സരമായിരുന്നു. ആദ്യമായി ലീഗിനെ തോൽപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. പിന്നെ 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലമായപ്പോഴേക്ക് അദ്ദേഹം വണ്ടൂർ ഫർക്കയിലെ കോൺഗ്രസ് സെക്രട്ടറിയായി. അന്ന് മഞ്ചേരി അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ പി.പി.ഉമ്മർകോയയും കാരിക്കുട്ടിയും. മുസ്‌ലിംലീഗിന്റെ സ്ഥാനാർഥി ചടയനും. പി.പി.യും ചടയനും വിജയിച്ചു. ഉമ്മർകോയയുടെ വ്യക്തിത്വം കോൺഗ്രസ്സിന് വലിയ മുതൽക്കൂട്ടായ തിരഞ്ഞെടുപ്പായിരുന്നു അത്. ആ പ്രവർത്തനകാലം ആര്യാടനും കോൺഗ്രസ്സിനും പുതുജീവനായി.

മലയോരത്ത് കോൺഗ്രസ് വിളഞ്ഞകാലം...

മുസ്‌ലിംലീഗിെന്റയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അധികാരകേന്ദ്രമായിരുന്നു മലയോരം. 1953 -54 കാലത്ത് എ.കെ.ജി. നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് തരിശുവിപ്ലവം നടത്തി. വനപ്രദേശങ്ങൾ കൈയേറി പലർക്കും കൃഷിഭൂമിയായി നൽകി. എന്നാൽ 1957-ൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ഭരണത്തിലെത്തിയപ്പോൾ ഈ കർഷകരെയൊക്കെ കുടിയിറക്കുകയും ചെയ്തു. അതോടെ കൃഷിക്കാർ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായെന്ന് ആര്യാടൻ പറയുന്നു. അന്നത്തെ വനംമന്ത്രി കെ.സി.ജോർജ് നിലമ്പൂരിൽ വന്നപ്പോൾ മലയോരകർഷകർ പ്രകടനമായി വന്ന് അദ്ദേഹത്തിന്റെ കാർ ചന്തക്കുന്നിൽ തടഞ്ഞു. അന്ന് കർഷകരോടൊപ്പം ഉറച്ചുനിന്നതോടെയാണ് മലയോരത്ത് കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെട്ടത്. കൃഷിക്കാരെ സംഘടിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു. ആര്യാടൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയമായിരുന്നു അത്. 1960- ലെ തിരഞ്ഞെടുപ്പിലും കർഷകരോടുള്ള ഈ നിലപാട് കോൺഗ്രസ്സിന് ഗുണംചെയ്തു. പി.പി.ഉമ്മർകോയ തന്നെയായിരുന്നു സ്ഥാനാർഥി. 57- ൽ കോയക്കെതിരേ പ്രവർത്തിച്ച മുസ്‌ലിംലീഗിലെ ചടയനും കമ്യൂണിസ്റ്റ് സ്ഥാനാർഥിയായിരുന്ന ഡോ. ഉസ്മാനുമെല്ലാം അന്ന് ഉമ്മർകോയയ്ക്കുവേണ്ടി പ്രസംഗിച്ചു. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.

നായനാരുടെ മന്ത്രിസഭയിൽ മന്ത്രിയാവുന്നു..

ആര്യാടൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത് 1965-ലാണ്. മുപ്പതാം വയസ്സിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്ന്. അന്ന് ഏറ്റവും കൂടുതൽ ചെലവുവന്നത് ലോറിയിൽ വോട്ടർമാരെ കൊണ്ടുവരാനാണെന്ന് ആര്യാടൻ ഓർക്കുന്നു. കോൺഗ്രസ്സുകാരനായ ആര്യാടൻ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിയായ കഥ ഇങ്ങനെയാണ്. 1978- ൽ കോൺഗ്രസ്സ് ദേശീയതലത്തിൽ പിളർന്നപ്പോൾ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എസ്സിലായിരുന്നു ആര്യാടനും. കോൺഗ്രസ് (എസ്) കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചു. 1980-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് ഇടതു പിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. വൈകാതെതന്നെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചെങ്കിലും പത്രികനൽകാനായില്ല. അങ്ങനെ സി. ഹരിദാസ് നിലമ്പൂരിൽ മത്സരിച്ച് ജയിച്ചു. ഇടതുപക്ഷം മന്ത്രിസഭയുണ്ടാക്കിയപ്പോൾ എം.എൽ.എ. അല്ലാത്ത ആര്യാടൻ മുഹമ്മദിനെ വനം വകുപ്പുമന്ത്രിയാക്കി. പിന്നീട് സി. ഹരിദാസിനെക്കൊണ്ട് രാജിവെപ്പിച്ച് ആര്യാടൻ നിലമ്പൂരിൽ മത്സരിച്ചു ജയിക്കുകയായിരുന്നു. അന്ന് വക്കം പുരുഷോത്തമൻ, പി.സി. ചാക്കോ, എ.സി. ഷൺമുഖദാസ് എന്നീ കോൺഗ്രസ്സുകാരും നായനാർ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നു. 82- ഓടെ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിക്കുകയും ഇന്ദിരാകോൺഗ്രസ്സിന്റെ ഭാഗമാവുകയും ചെയ്തു.

കുഞ്ഞാലിവധവും വിവാദവും...

കുറേക്കാലം ആര്യാടൻമുഹമ്മദിനെ പിന്തുടർന്ന ഒരു വിവാദമാണിത്. നിലമ്പൂർ എം.എൽ.എ. ആയിരുന്ന സഖാവ് കുഞ്ഞാലിയെ വെടിവെച്ചുകൊന്ന സംഭവം. പക്ഷേ തനിക്കതിൽ ഒരുപങ്കുമില്ലെന്ന് ഇന്നും ആര്യാടൻ ഉറച്ചുപറയുന്നു. എന്തായാലും കുറച്ചുകാലം തനിക്കെതിരേയായിരുന്നു ആരോപണം. എന്നാൽ 1980-ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാക്കൾ തന്നെ അത് താനല്ല ചെയ്തതെന്ന് നിലമ്പൂരിൽവന്ന് പ്രസംഗിച്ചു. ഇ.എം.എസ്. തന്നെ നേരിട്ടുവന്ന് തനിക്കായി പ്രചാരണം നടത്തിയിരുന്നതായി ആര്യാടൻ ഓർമിക്കുന്നു. ഇതിനെല്ലാം ഒരുപാട് തെളിവുകൾ ഉണ്ട് എന്നാണ് ആര്യാടൻ പറയുന്നത്. ആ സംഭവത്തിനു ശേഷം എട്ടുതവണ ആര്യാടൻ നിലമ്പൂരിൽനിന്ന് ജയിക്കുകയും ചെയ്തു.

Content Highlights: Malappuram aryadan muhammed says about election experience