മലപ്പുറം: നവകേരള നിർമാണത്തിന് നേതൃത്വംനൽകിയ കെ. കരുണാകരന്റെ വികസനമാതൃക ഇന്ത്യക്കുതന്നെ മാതൃകയായി മാറി എന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ലീഡർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രായോഗിക സമീപനങ്ങളിലൂടെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് നിർത്തി മികച്ചഭരണം കാഴ്ചവെക്കാൻ കരുണാകരൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് അധ്യക്ഷനായി. എ.പി. അനിൽകുമാർ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. സെക്രട്ടറി വി.എ. കരീം, എ.ഐ.സി.സി. അംഗം പ്രഫ. ഹരിപ്രിയ, ഡി.സി.സി. ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, അജീഷ് എടാലത്ത്, സക്കീർ പുല്ലാര, സി. സുകുമാരൻ, ശശി മങ്കട, എന്നിവർ പ്രസംഗിച്ചു.