പോത്തുകല്‍: പോത്തുകല്‍ മുണ്ടേരിയിലെ ചളിക്കല്‍ കോളനിയില്‍ നടന്ന റെയ്ഡില്‍ 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. ആള്‍പാര്‍പ്പില്ലാത്ത കോളനിയില്‍ വ്യാജ വാറ്റ് രൂക്ഷമാവുകയാണ്. 

സിഐ ശംബുനാഥിന്റെ നിര്‍ദേശപ്രകാരം എഎസ്ഐ സോമന്‍ സിപിഒമാരായ സലീല്‍ ബാബു, കൃഷ്ണദാസ്, അനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഷ് പിടികൂടിയത്. 

കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലും പ്രളയവും മൂലം ചളിക്കല്‍ കോളനി വാസയോഗ്യമല്ലാതായി മാറിയിരുന്നു. ഇതോടെ കോളനി നിവാസികളെ ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പുതിയ വീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചിരുന്നു. ഇതോടെ ആളൊഴിഞ്ഞ കോളനിയെ മറയാക്കി സാമൂഹ്യ വിരുദ്ധര്‍ വ്യാജവാറ്റും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. ആള്‍താമസമില്ലാത്ത കോളേനി സാമൂഹ്യവിരുദ്ധരുടെ താവളമായി കഴിഞ്ഞു. 

കോളനിയില്‍ ഇനി തുടരുന്നത് നാലോ അഞ്ചോ വീട്ടുകാരാണ്. ഈ വീടുകളും താമസയോഗ്യമല്ലാതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോളനി ഇടിച്ചുപൊളിച്ചു കളഞ്ഞ് അവശേഷിക്കുന്ന കുടുംബങ്ങളെകൂടി പ്രദേശത്ത് നിന്ന് മാറ്റിതാമസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.