മലപ്പുറം : ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയായില്ലെങ്കിലും ‘ഒരു കൊയപ്പൂല്യ’എന്ന് ലളിതമായി നമ്മെ പഠിപ്പിച്ച കിഴിശ്ശേരിയിലെ അബ്ദുൾ ഫായിസ് ഇനി കോവിഡ് ബോധവത്കരണത്തിന്റേയും ഭാഗമാകും.

ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ബോധവത്കരണ പരസ്യത്തിൽ ഫായിസും ഒരു വീഡിയോ ചെയ്യണമെന്ന കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നിർദ്ദേശം അവൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഫായിസ് കളക്ടറെ കണ്ടത്.

കടലാസ് പൂവുണ്ടാക്കുന്ന വീഡിയോ വൈറലായതോടെ തന്നെ തേടിയെത്തിയ സ്നേഹസമ്മാനങ്ങളിൽ നിന്ന് 10,313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനെത്തിയതായിരുന്നു അവൻ.

പരാജയം ഒന്നിന്റെയും അവസാനമല്ല തുടക്കം മാത്രമാണെന്ന് കാണിച്ചുതന്ന നാലാം ക്ലാസുകാരൻ ഫായിസ് എല്ലാ വിദ്യാർഥികൾക്കും മാതൃകായണെന്ന് കളക്ടർ പറഞ്ഞു. പ്രശസ്തി പത്രത്തിനൊപ്പം ഫായിസിനായി കളക്ടർ ഒരു പേനയും കരുതിവെച്ചിരുന്നു.

ബോധവത്കരണ വീഡിയോയിലും ഒരു ഫായിസ് ടച്ചുണ്ടായിരുന്നു. ‘കൊറോണ വന്നാൽ നമ്മുക്കെല്ലാം കൊഴപ്പണ്ടാവും അതുകൊണ്ട് എല്ലാവരും സാനിറ്റൈസറും മാസ്കും ഉപയോഗിക്കണം’ എന്നായിരുന്നു ഡയലോഗ്. അതിനുശേഷം അവൻ കുടുംബത്തിനൊപ്പം മടങ്ങി.