മലപ്പുറം : മൈലാഞ്ചിമൊഞ്ചിന്റെ നിറപ്പകിട്ടാർന്ന അഴകില്ല, മാസ്‌ക് ധരിച്ച്‌ അകലം പാലിച്ച് ബലിപെരുന്നാൾ ആഘോഷം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തുന്ന ബലിപെരുന്നാൾ കോവിഡ് ജാഗ്രതയിൽ വിശ്വാസികൾ വെള്ളിയാഴ്ച ആഘോഷിക്കും.

കോവിഡ് നിയന്ത്രണങ്ങൾ കാരണം പൊതുസ്ഥലങ്ങളിൽ ഈദ്ഗാഹുകൾക്ക് വിലക്കുണ്ട്. പള്ളികളിൽ സാമൂഹിക അകലം പാലിച്ച് നൂറുപേരെ ഉൾപ്പെടുത്തിയാണ് നിസ്‌കാരം നടക്കുക. എല്ലാ മഹല്ലുകളിലും നിസ്‌കാരപ്പള്ളികളിൽവരെ പെരുന്നാൾ നിസ്‌കാരത്തിന് സൗകര്യമൊരുക്കിയാണ് പ്രതിസന്ധി മറികടക്കുന്നത്. പെരുന്നാളിന്റെ സവിശേഷ ചടങ്ങായ ബലിയറുക്കുന്നതിനും ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസം വീടുകളിൽ എത്തിക്കാനുള്ള സൗകര്യവും മഹല്ല് കമ്മിറ്റികൾ ഏർപ്പെടുത്തി. ജില്ലയിലെ കൺടെയ്‌ൻമെന്റ് സോണുകളിൽ പെരുന്നാൾ നിസ്‌കാരത്തിനും ബലിയറുക്കുന്നതിനും വിലക്കുണ്ട്.

കോവിഡ് കാരണം മക്കയിൽ ഹജ്ജ് തീർഥാടനം പരിമിതപ്പെടുത്തിയത് വിശ്വാസികൾക്ക് സങ്കടമായിരിക്കുകയാണ്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനു ശേഷമാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇത്തവണ ഹജ്ജ് കർമത്തിന് പതിനായിരം പേരാണ് പങ്കെടുത്തത്. സൗദി അറേബ്യയിലുള്ളവർക്ക് മാത്രമായിരുന്നു അവസരം. ബലിപെരുന്നാളിന്റെ തലേന്ന് കൺടെയ്‌ൻമെന്റ് സോണുകളല്ലാത്ത ടൗണുകളിൽ തിരക്കായിരുന്നു. നേരത്തേ ചെറിയ പെരുന്നാളിനും കർശന നിയന്ത്രണങ്ങളായിരുന്നു. ബലിപെരുന്നാൾ വെള്ളിയാഴ്ച ദിവസമായതിനാൽ വിശ്വാസികൾക്ക് ഏറെ ആഹ്ലാദമാണ് ഉണ്ടായിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്കു വിധേയമായി ആഘോഷിക്കാൻ വിധിക്കപ്പെട്ടതോടെ വിശ്വാസികൾക്ക് ത്യാഗവും സഹനവും ഒരിക്കൽക്കൂടി ഓർമയിലെത്തുകയാണ്.