മലപ്പുറം : ഒരു യൂണിഫോം ഉണ്ടാക്കുന്ന പുകിലിനെക്കുറിച്ചാണ്. അഞ്ചുവർഷമായി ജില്ലാ പോലീസിനെ ഓരോ പ്രതിസന്ധിയിലും സഹായിച്ചുകൊണ്ടിരിക്കുന്നവരാണ് ട്രോമാകെയർ പ്രവർത്തകർ. അപകടങ്ങൾ, പ്രളയങ്ങൾ, പകർച്ചവ്യാധികൾ... അങ്ങനെ ഏതുഘട്ടത്തിലും പോലീസിന്റെ തോളോ‌ടുചേർന്നു നിൽക്കുന്നവർ.

മലപ്പുറത്തിന്റെ നീലപ്പട്ടാളം എന്നാണ് ട്രോമാകെയറിന്റെ വിശേഷണം. ഒരു പ്രതിഫലവും മോഹിക്കാത്ത മുഴുവൻസമയ സന്നദ്ധപ്രവർത്തകരാണ്. ഓരോ പോലീസ്‌സ്റ്റേഷനു കീഴിലും മുപ്പതംഗ ട്രോമാകെയർ സംഘമുണ്ട്. സംഘടനയുടെ പേരെഴുതിയ നീല ടീഷർട്ടാണ് അവരുടെ യൂണിഫോം.

ഇനിയാണ് പ്രശ്നം- സംസ്ഥാനതലത്തിൽ 'സന്നദ്ധ' പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തയ്യാറുള്ളവരെ തിരഞ്ഞെടുത്തിരുന്നു. പോലീസിനെ സഹായിക്കാൻ സന്നദ്ധരായവരെ തിരഞ്ഞെടുക്കാനും അനുമതി ലഭിച്ചു. അങ്ങനെ ഓരോ സ്റ്റേഷനുകീഴിലും പോലീസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ തുടങ്ങി. ട്രോമാകെയർ പ്രവർത്തകർക്കാണ് മുൻഗണന നൽകിയതെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. എന്നാൽ വൈകാതെ ഡി.ജി.പിയുടെ നിർദേശം വന്നു; വൊളന്റിയർമാർക്ക് പോലീസ് മുദ്രയുള്ള പ്രത്യേക ബാഡ്‌ജും ഓവർകോട്ടും നൽകണം.

അതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അഞ്ചുവർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യൂണിഫോം ഒഴിവാക്കാൻ ട്രോമാകെയർ തയ്യാറായില്ല. ഈ യൂണിഫോം ധരിച്ച്‌ പ്രവർത്തിക്കാമെങ്കിൽ മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാവൂ എന്ന് ട്രോമാകെയർ ജില്ലാസെക്രട്ടറി ടി. പ്രതീഷ്‌കുമാർ പ്രവർത്തകർക്ക് നിർദേശംനൽകി. ഡി.ജി.പി. പറഞ്ഞ യൂണിഫോമുണ്ടെങ്കിലേ പോലീസ് വൊളന്റിയറാക്കാൻ കഴിയൂ എന്ന് എസ്.പി യു. അബ്ദുൾകരീമും.

അതോടെ ഒരുമെയ്യായി പ്രവർത്തിച്ചിരുന്ന വലിയൊരു കൂട്ടായ്മയിൽ വിള്ളലുണ്ടാകുകയാണ്. നാട്ടുകാർക്ക് ഇതിലെ സാങ്കേതികതയെക്കുറിച്ചറിയില്ല. പക്ഷേ, പോലീസും ട്രോമാകെയറും ചേർന്നപ്പോഴുണ്ടായ മുന്നേറ്റത്തിന് അവർ സാക്ഷികളാണ്. അതിന്റെ ഗുണഭോക്താക്കളുമാണ്. ഈ ശീതസമരത്തിന് ശുഭകരമായ ഒരു പരിസമാപ്തിയുണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു.