മലപ്പുറം : സമ്പർക്കവ്യാപനം കൂടിയ സാഹചര്യത്തിൽ കൂടുതൽപേരെ പരിശോധിക്കാൻ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് തുടങ്ങി.

ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്നാണ് യൂണിറ്റ് തുടങ്ങിയത്. കളക്ടർ കെ. ഗോപാലകൃഷ്ണൻ ഫ്ളാഗ്ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവത്കരണ ആവശ്യങ്ങൾക്കായി പെരിന്തൽമണ്ണ എം.ഇ.എസ്. എൻജിനീയറിങ് കോേളജിലെ എൻ.എസ്.എസ്. വിഭാഗം ഉപയോഗിച്ചിരുന്ന വാഹനമാണ് യൂണിറ്റാക്കി മാറ്റിയത്.

ജില്ലയിലെ രോഗവ്യാപന പ്രദേശങ്ങളിൽ സഞ്ചരിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജിലെ പി.സി.ആർ. ലാബിൽ എത്തിക്കും. ഒരേസമയം രണ്ടു പേരുടെ സ്രവം പരിശോധിക്കാനാവും. 

സാമ്പിൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച രണ്ട് ഡോക്ടർ/സ്റ്റാഫ് നഴ്സ്, രണ്ട് അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരാണ് യൂണിറ്റിലുള്ളത്. 

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. രാജേഷ്, ഡോ. പി. ഷുബിൻ, ഡോ.ജെ. നവ്യ, മാസ് മീഡിയ ഓഫീസർ പി. രാജു, എം.ഇ.എസ്. എൻജിനീയറിങ് കോേളജിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.