മലപ്പുറം : ഇതുവരെയുള്ള അവസ്ഥവെച്ച് ജില്ലയിൽ കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം ജാഗ്രത കൈവിടാതിരിക്കുകയാണ് വേണ്ടത്. രോഗബാധ ഏറെയുള്ള കൊണ്ടോട്ടിയിലും അധികൃതർ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ട്. ഇതുവരെ പരിശോധന നടത്തിയവരിൽ 26.7 ശതമാനം പേർക്കാണ് രോഗം കണ്ടെത്തിയത്. ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽപ്പോലും ഒരുശതമാനമാണ് രോഗബാധ. ശനിയാഴ്ചയോടെ 8000 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സംവിധാനമുണ്ടാകും. 18,692 കിടക്കകൾ ഒരുക്കാനുള്ള സ്ഥലസൗകര്യമുണ്ട്. സ്വകാര്യ ആശുപത്രികളും കിടത്തിച്ചികിത്സയ്ക്കുവേണ്ട സംവിധാനം ഒരുക്കാമെന്നുപറഞ്ഞ് മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോൾ നിലവിൽ ആയിരംപേരെ പരിശോധിക്കാൻ സാധിക്കുന്നു. ഇതു വൈകാതെ രണ്ടായിരമായി ഉയർത്തും. വെള്ളപ്പൊക്കം നേരിടാൻവേണ്ട സൗകര്യങ്ങളും കാലേക്കൂട്ടിത്തന്നെ ഏർപ്പെടുത്തി. കഴിഞ്ഞ തവണത്തെപ്പോലെ ജനങ്ങൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇത്തവണയുണ്ടാകില്ല -കളക്ടർ അറിയിച്ചു.