മലപ്പുറം : അടുത്ത തവണ യു.ഡി.എഫ്. മുഖ്യമന്ത്രിയാവും സംസ്ഥാനം ഭരിക്കുക്കുകയെന്ന് എൽ.ഡി.എഫ്. പോലും കരുതുന്നതിന് തെളിവാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ അവഗണിച്ച് അടുത്ത മുഖ്യമന്ത്രിയാവാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

പ്രതിപക്ഷ നേതാവിന്റെ ജോലി അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയെ യു.ഡി.എഫ്. അനായാസം കണ്ടെത്തും. സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിനിൽക്കുകയാണ്. ഈ രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാവുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്തുലക്ഷം രൂപ വിലവരുന്ന 1000 പി.പി.ഇ. കിറ്റുകൾ കുഞ്ഞാലിക്കുട്ടിയിൽനിന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. കളക്ടർ അത് ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീനക്ക് കൈമാറി. വരും ദിവസങ്ങളിൽ 1000 പി.പി.ഇ. കിറ്റുകൾകൂടി ആരോഗ്യവകുപ്പിന് നൽകുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോവിഡ് കേസുകൾ കൂടിവരുന്ന കൊണ്ടോട്ടി, മലപ്പുറം നഗരസഭ, ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പി.പി.ഇ. കിറ്റുകൾ വിതരണംചെയ്യുക. ചടങ്ങിൽ എം.എൽ.എമാരായ പി. ഉബൈദുള്ള, പി. അബ്ദുൾ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.