മലപ്പുറം : കോവിഡ് വ്യാപനം മുൻനിർത്തി ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണത്തിന്റെ ഭാഗമായി കടകൾ വൈകീട്ട് ആറിന്‌ അടച്ചു. വൈകീട്ട് നാലിന്‌ കടകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് പ്രധാന നഗരങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ ഉച്ചഭാഷിണി വഴി അറിയിപ്പ് നൽകിയിരുന്നു. ആറ് കഴിഞ്ഞും പ്രവർത്തിച്ച കടകൾ പോലീസെത്തി അടപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കച്ചവട സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടർ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 10 വരെയാണ് നിയന്ത്രണങ്ങൾ ബാധകം. ഉത്തരവുപ്രകാരം ജില്ലയിൽ കണ്ടെയ്‌മെൻമെന്റ് സോൺ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലെയും കടകൾ രാവിലെ ഏഴ്‌ മുതൽ വൈകീട്ട് ആറ്‌ വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ രാത്രി എട്ട്‌ വരെ ഭക്ഷണം പാഴ്‌സൽ നൽകാം. ഇരുന്നുകഴിക്കാൻ പാടില്ല. കണ്ടെയിൻമെന്റ് സോണിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.