മലപ്പുറം : ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആരാധനകർമങ്ങൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ ബാധകമാക്കാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽച്ചേർന്ന കോവിഡ് ജില്ലാതല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.

ബലിയറുക്കുന്നിടത്ത് കൂടുതൽ ആളുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാംസം വീടുകളിലെത്തിച്ചു നൽകണം. പള്ളികളിൽ എല്ലാ നിയമങ്ങളുമനുസരിച്ച് പരമാവധി 100 പേർ മാത്രമേ പെരുന്നാൾ നിസ്‌കാരത്തിന് പങ്കെടുക്കാവൂ. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡിലെ ടൗണിൽ ഉൾപ്പെടുന്ന മറ്റു വാർഡിലെ പ്രദേശവും ആ കണ്ടെയ്ൻമെന്റ് സോണിന്റെ ഭാഗമായി കണക്കാക്കും. കോവിഡ് ബാധിത പ്രദേശങ്ങളിൽ കൂടുതൽപേരെ പരിശോധിക്കുന്നതിനാവശ്യമായ കിറ്റുകൾ ലഭ്യമാക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേക സംഘം പരിശോധിക്കും.