മലപ്പുറം : കേരളത്തിന്റെ ശാസ്ത്ര സാഹിത്യ പ്രചാരണരംഗത്ത് ആഴത്തിൽ സ്വാധീനം ചെലുത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചരിത്രം പുസ്തകമായി. എം.എസ്. മോഹനൻ രചിച്ച പുസ്തകത്തിന്റെ ആദ്യവായനക്കാരനായത് പരിഷത്തിന്റെ ഏറ്റവും മുതിർന്ന അംഗം കൂടിയായ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർ.

ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരതാപ്രസ്ഥാനം തുടങ്ങി പരിഷത്ത് കേരളസമൂഹത്തിൽ ഉയർത്തിയ നവോത്ഥാന പദ്ധതികളെല്ലാം 'പരിഷത്തിന്റെ ഇന്നലെകൾ-എന്റെയും' എന്ന പുസ്തകത്തിൽ വിശദമായി ചർച്ചചെയ്യുന്നുണ്ട്. ശാസ്ത്രപ്രചാരണത്തിനായി കലയെ ഉപയോഗിച്ചത് കേരളത്തിൽ പരിഷത്താണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വീട്ടിൽവരെ കലാജാഥകൾ അവതരിപ്പിച്ചിട്ടുണ്ട്.

1974-75 കാലത്ത് ഡോ. പി.കെ. വാരിയർ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാപ്രസിഡന്റായിരുന്നു. പരിഷത്തിന്റെ ശാസ്ത്രഗതി മാസികയുടെ എഡിറ്റോറിയൽ അംഗവുമായിരുന്നു. ചരിത്രപുസ്തകത്തിന്റെ ആദ്യവായനക്കാരനായി ഡോ. പി.കെ. വാരിയരെ കിട്ടിയതുതന്നെ വലിയ അംഗീകാരമാണെന്ന് റിട്ട. അധ്യാപകനും മുതിർന്ന പരിഷത്തംഗവും കൂടിയായ എം.എസ്. മോഹനൻ പറഞ്ഞു.