മലപ്പുറം : കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ കൂടുതൽ സ്വകാര്യ ആശുപത്രികളെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി(കാസ്‌പ്‌)യിലേക്ക് താത്കാലികമായി തിരഞ്ഞെടുക്കുന്നു. ഇതോടെ പദ്ധതി അംഗങ്ങൾക്ക് കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കാസ്‌പ്‌ നിരക്കിൽ ചികിത്സ ലഭ്യമാകും. ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം.

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്ന കാസ്‌പ്‌ അംഗങ്ങളുടെ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്കുനൽകും. കോവിഡ് വ്യാപനം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്കുപുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി. ഇതിനായി കളക്ടറുടെ അധ്യക്ഷതയിൽ 29-ന് രാവിലെ 11-ന് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി യോഗംചേരും.

ന്യുമോണിയ അടക്കം കോവിഡ് ബാധിച്ച് ഗുരുതരമാകുന്ന ആറ് അസുഖങ്ങൾ ചികിത്സിക്കാനുള്ള പദ്ധതിയാണ് സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിച്ചിട്ടുള്ളത്. രോഗികൾക്ക് ക്ലെയിം സമർപ്പിക്കുന്നതിന് പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും.