മലപ്പുറം : കച്ചവടക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ച കോട്ടപ്പടി മാർക്കറ്റിലെ ഒരു ഭാഗം ചൊവ്വാഴ്ച തുറക്കും. തിരൂർ റോഡിലേക്ക് നിൽക്കുന്ന ഭാഗത്തെ എ.സി. ബ്ലോക്കുകൾ, സാധു ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തനം തുടങ്ങുന്നത്. നഗരസഭ അനുമതി നൽകിയതോടെയാണ് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്.

എന്നാൽ, മാർക്കറ്റിനകത്തെ മത്സ്യ-മാംസ, പച്ചക്കറി, പലചരക്ക് കടകൾക്ക് നിയന്ത്രണം തുടരാനാണ് തീരുമാനം. ഇവിടങ്ങളിലെ കച്ചവടക്കാരുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ദിവസച്ചന്ത തുറക്കുന്ന വിഷയം അധികൃതർ പരിഗണിക്കുകയുള്ളൂ.

മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ മറ്റ് വ്യാപാരികളുടെയും സ്രവം പരിശോധിച്ചിരുന്നു.

ഇവരുടെകൂടി ഫലംവരുന്ന മുറയ്ക്ക് നഗരസഭാ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാ സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യൻ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 21-ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചത്.

കൊണ്ടോട്ടി മൊത്ത മത്സ്യമാർക്കറ്റിൽനിന്ന് കോട്ടപ്പടി മാർക്കറ്റിലേക്ക് മത്സ്യമെത്തിക്കുന്ന ആൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

ഇതോടെ 22 മുതൽ ഒരാഴ്ചത്തേക്ക് ദിവസച്ചന്ത അടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകുകയായിരുന്നു.