മലപ്പുറം : നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രമായി മലപ്പുറം ഗവ. കോളേജ് സജ്ജമാകുന്നു. കോേളജ് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിട്ടുള്ള കേന്ദ്രത്തിൽ മാത്രം 75 കിടക്കകൾ ഒരുക്കി.

ഇവിടെ ഇനി താത്കാലിക ബാത്ത് റൂമുകൾ നിർമിക്കുന്നതാണ് അടുത്തനടപടി. കൂടുതൽ കിടക്കകൾ ആവശ്യമായിവന്നാൽ ക്ലാസ് മുറികളിലും സൗകര്യം ഒരുക്കും.

വിവിധ സ്ഥാപനങ്ങളും സംഘടനകളും കേന്ദ്രത്തിലേക്കുള്ള സാധനങ്ങൾ നഗരസഭാധ്യക്ഷ സി.എച്ച്. ജമീലയ്ക്ക് കൈമാറി.

വി.കെ.സി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 75 കിടക്ക, തലയിണ, ബെഡ്ഷീറ്റ് എന്നിവയും സന്നദ്ധ സംഘടനയായ നൗഷാദ് അസോസിയേഷൻ ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവയും വസ്ത്രവ്യാപാര സ്ഥാപനമായ പ്രീതി സിൽക്സ്‌ 50 വിരികളും 50 തലയിണകളുമാണ് കൈമാറിയിട്ടുള്ളത്.

സെക്രട്ടറി പി. ബാലസുബ്രഹമണ്യൻ, അംഗങ്ങളായ ഒ. സഹദേവൻ, ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ, പി. മുഹമ്മദ് കുട്ടി, ഡോ. രാജഗോപാൽ, എച്ച്.ഐ.മാരായ കെ. മുഹമ്മദ് ഇഖ്ബാൽ, ഷബീർ അമ്പലപൊറ്റ, ജലീൽ തുളുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.