മലപ്പുറം: ഫുട്‌ബോൾകളിക്കാനും കളിക്കളത്തെ ആവേശംകൊള്ളിക്കാനും മാത്രമല്ല, നന്നായി കളിപഠിപ്പിക്കാനും മലപ്പുറത്തുകാർക്ക് കഴിയുമെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ മലപ്പുറത്തിന്റെ കളിക്കേമത്തം യു.എ.ഇയും അംഗീകരിച്ചിരിക്കുന്നു. യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ സെക്കൻഡ് ഡിവിഷൻക്ലബ്ബായ അൽഹിലാൽ എഫ്.സിയുടെ ഫുട്‌ബോൾകോച്ചായി അരിപ്ര സ്വദേശി ജിഷാർമോൻ എന്ന ഷിബു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ആറങ്ങോടൻ ഉസ്മാൻ -സീനത്ത് ദമ്പതിമാരുടെ രണ്ടാമത്തെ മകനായ ജിഷാർമോൻ മലപ്പുറം എം.എസ്.പി. സ്പോർട്‌സ് അക്കാദമിയിൽനിന്നാണ് കളിയടവുകൾ പഠിച്ചത്. അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയാണ്. പിന്നീട് എം.എസ്.പിയുടെയും മലപ്പുറം സൂപ്പർ സ്റ്റുഡിയോയുടെയും പ്രധാന കളിക്കാരനായി. പടിഞ്ഞാറ്റുമുറി ഫുട്‌ബോൾ ക്ലബ്ബിലൂടെയാണ് ജിഷാർ താരമായി അറിയപ്പെട്ടത്. ബിരുദ -ബിരുദാനന്തര കാലത്തും ഫുട്‌ബോൾ നെഞ്ചോടുചേർത്തു. കളി ഒരു ഇടക്കാല ഹോബിയായിരുന്നില്ല ജിഷാറിന്. കായിക വിദ്യാഭ്യാസത്തിൽത്തന്നെ ബിരുദാനന്തരബിരുദം നേടി. സോക്കർ ഇറ്റാലിയൻ, ബ്രിട്ടീഷ് കൗൺസിലിന്റെ പ്രീമിയർ സ്കിൽസ്, ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽനിന്ന് ’ഡി ’ ആൻഡ് കോർവെർ ലൈസൻസ് എന്നിവയും നേടിയതോടെ അവസരങ്ങളുടെ വലിയ മൈതാനമാണ് ജിഷാറിനുമുന്നിൽ തുറന്നത്.

യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ ലൈസൻസുള്ള ഏക ഇന്ത്യക്കാരനാണ് ജിഷാർ. ടീമിൽ നാലു മലയാളി കളിക്കാരുമുണ്ട്. പത്തുവർഷമായി നിരവധി അന്താരാഷ്ട്ര കോച്ചുമാരുടെ കീഴിൽ പ്രവർത്തിക്കുന്ന ജിഷാർ ഡോനോസ്ടി കപ്പ് (സ്പെയിൻ) സൂപ്പർ കപ്പ് (ദുബായ്) , ജൂനിയർ ഫുട്‌ബോൾ ലീഗ് (UAE) തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ടീമിനെ പരിശീലിപ്പിട്ടുണ്ട്. ഷാർജ ജെംസ് വെസ്റ്റമിൻസ്റ്റർ സ്കൂൾ കായികവിഭാഗം മേധാവി കൂടിയാണ്. ഡോ: ഹസിയയാണ് ഭാര്യ. ശാസിലും മുഹമ്മദ് ഷാദും മക്കളാണ്.