പെരിന്തൽമണ്ണ: പൗരത്വനിയമ ഭേദഗതിയുടെ പേരിൽ സി.പി.എമ്മും കോൺഗ്രസും മുസ്‌ലിംലീഗും കേരളത്തിലുണ്ടാക്കിയത് കൊറോണ വൈറസ് രോഗബാധയേക്കാളും വലിയ ഭീതിയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. പെരിന്തൽമണ്ണയിൽ ബി.ജെ.പി. നടത്തിയ ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമഭേദഗതിയിൽ മുസ്‌ലിം എന്ന പരാമർശമുണ്ടെങ്കിലോ അവർ രാജ്യം വിടണമെന്ന് എവിടെയെങ്കിലും പറയുന്നുണ്ടെങ്കിലോ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

അതല്ലെങ്കിൽ ഇതുവരെ നടത്തിയ കുപ്രചാരണങ്ങൾക്ക് പൊതുസമൂഹത്തോട് മാപ്പ് പറയാൻ ഭരണപ്രതിപക്ഷ കക്ഷികൾ തയാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കസേരക്കായി പിണറായിയും ചെന്നിത്തലയും നടത്തുന്ന മത്സരമാണ് കേരളത്തിൽ നടക്കുന്ന കുപ്രചാരണങ്ങളുടെ കാരണങ്ങളിലൊന്ന്. അത് മതമൗലിക ശക്തികൾ മുതലെടുക്കുകയാണ്. മുഹമ്മദലി ജിന്ന, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജോഷി, ജവഹർലാൽ നെഹ്രു എന്നീ മൂന്ന് ’ജ’ കൾ ചേർന്നാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചത്.

ബി.ജെ.പി. പ്രവർത്തകരുള്ളിടത്തോളം കാലം ഒരു മുസ്‌ലിമും രാജ്യം വിട്ടുപോകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. എം.കെ. സുനിൽ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, അഡ്വ. ടി.കെ. അശോക് കുമാർ, എ. ശിവദാസൻ, ബി. രതീഷ്, വസന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് റാലിയും നടന്നു.