നിലമ്പൂർ: വേനൽ രൂക്ഷമായി. കഴിഞ്ഞ പ്രളയത്തിൽ രൗദ്രഭാവം പൂണ്ട് നിറഞ്ഞൊഴുകി റോഡും വീടുകളും കവർന്നെടുത്ത ചാലിയാർ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴയും കുറവൻപുഴയും മെലിഞ്ഞുണങ്ങി. പല ഭാഗങ്ങളിലും വെള്ളംതന്നെ കാണാനില്ല. ചിലയിടത്ത് അല്പം നീരൊഴുക്കുമാത്രമണുള്ളത്.

കുറുവൻപുഴയിൽ ഗ്രാമപ്പഞ്ചായത്ത് പെരുവമ്പാടം വി.സി.ബി. കം ബ്രിഡ്ജിന് ചീർപ്പ് ഇട്ടിട്ടുണ്ടെങ്കിലും കുറച്ചുഭാഗം ഒഴിച്ചാൽ പുഴയുടെ ബാക്കിഭാഗം വറ്റിവരണ്ടുതുടങ്ങി. 2018-ലും 2019-ലും നിറഞ്ഞൊഴുകിയ കാഞ്ഞിരപ്പുഴയിൽ ഇപ്പോൾ കാണാൻകഴിയുന്നത് പ്രളയത്തിൽ ഒഴുകിയെത്തിയ പാറക്കൂട്ടങ്ങൾ മാത്രമാണ്. ഒന്ന് മുങ്ങിക്കുളിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.

ഇരുപുഴയേയും ആശ്രയിച്ച് കൃഷിചെയ്യുന്ന കർഷകരുടെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ ഉണങ്ങിത്തുടങ്ങി. പുഴകളിൽ ജലവിതാനം താഴുന്നതിനാൽ സമീപത്തെ കിണറുകളിലെയും ജലനിരപ്പ് താഴുകയാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ പുഴയുടെ സ്ഥാനത്ത് പാറക്കെട്ടുകൾ മാത്രമാകും അവശേഷിക്കുകയെന്ന ആശങ്കയിലാണ് കർഷകർ.