പെരിന്തൽമണ്ണ: മലയും കാടും താണ്ടിയ അവരുടെ അധ്വാനവും പ്രതീക്ഷയും ഫലംകണ്ടു. കാട്ടിലകപ്പെട്ടുപോയ ആദിവാസി യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു പെരിന്തൽമണ്ണ പോലീസും നാട്ടുകാരും. ദിവസങ്ങൾക്കുമുൻപ് കാണാതായ ആദിവാസി യുവാവ് മലയിറങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കി പോലീസ് നടത്തിയ തിരച്ചിലിലാണ് താഴേക്കോട് മേലേച്ചേരി കോളനിയിലെ വേലായുധനെ (45) കണ്ടെത്തിയത്.

കുത്തനെയുള്ള മലയിടുക്കുകളിലും വഴിയില്ലാത്ത കാട്ടിലും തളരാതെ തിരച്ചിലിന് നേതൃത്വംനൽകിയ പെരിന്തൽമണ്ണ വനിതാ എസ്.ഐ രമാദേവിയും സംഘവും പുലർത്തിയ നിശ്ചയദാർഢ്യമാണ് ജീവൻപോലും അപകടത്തിലാകുമായിരുന്ന വേലായുധന് രക്ഷയായത്. ഈമാസം 15 മുതലാണ് വേലായുധനെ കാണാതായത്. പരാതി ലഭിച്ചതോടെ സമഗ്രമായ അന്വേഷണത്തിലൂടെ വേലായുധൻ മലയിറങ്ങിയിട്ടില്ലെന്ന് പോലീസ് ഉറപ്പാക്കി.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രണ്ടുദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ വെള്ളപ്പാറ മലപ്പാട് മലയിൽ നിന്നാണ് കണ്ടെത്തിയത്. അവശനായിരുന്ന വേലായുധനെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി കോടതിയിൽ ഹാജരാക്കി. വെള്ളാരംമല, ചെറുമല, കൊടികുത്തി തുടങ്ങിയ മലകളിലാണ് പ്രദേശവാസികളായ ആദിവാസികളുടെകൂടി സഹായത്തോടെ പോലീസ് തിരച്ചിൽ നടത്തിയത്.

വന്യമൃഗങ്ങളും തണുപ്പുമുള്ള കാട്ടിലകപ്പെട്ട വേലായുധനെ കണ്ടെത്താൻ വൈകിയിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നു. ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് വേലായുധൻ കഴിഞ്ഞിരുന്നത്. എസ്.ഐയ്ക്കൊപ്പം എ.എസ്.ഐ ഷാജഹാൻ, സീനിയർ സി.പി.ഒ അരവിന്ദാക്ഷൻ, സി.പി.ഒ ബിന്നി മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 15 വർഷം മുൻപ് വീടുവിട്ടിറങ്ങിയ യുവാവിനെ പെരിന്തൽമണ്ണ പോലീസ് കഴിഞ്ഞയാഴ്ച ലോഡ്‌ജിൽനിന്ന് കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചിരുന്നു.