containerമലപ്പുറം: എന്തുവാങ്ങാൻ ഇറങ്ങിയാലും ഇനി െെകയിലൊരു സഞ്ചി കരുതാൻ മറക്കണ്ട. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമായതോടെ മലപ്പുറത്തും കടകളിൽനിന്ന് ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി.

കടകളിൽനിന്ന് പ്ലാസ്റ്റിക് കവറുകളുടെ വിൽപ്പനയും പൂർണമായും അവസാനിപ്പിച്ചു. സൂപ്പർമാർക്കറ്റുകൾ, മത്സ്യ-മാംസ മാർക്കറ്റുകൾ എന്നിങ്ങനെ എല്ലായിടത്തും തുണിസഞ്ചികളും ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് കവറുകളുമാണ് നൽകുന്നത്.

എന്നാൽ ഈ കവറുകൾ വെറുതെ കിട്ടില്ല. ആറു രൂപയാണ് ഒരു ഡീഗ്രേഡബിൾ പ്ലാസ്റ്റിക് കവറിന് ഈടാക്കുന്നത്. തുണിസഞ്ചികൾക്കും പണം കൊടുക്കണം.

ഇറച്ചി കണ്ടെയ്‌നറിൽ

മലപ്പുറത്ത് കുന്നുമ്മലിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടിയിൽ എത്തുന്നവർക്ക് കണ്ടെയ്‌നറുകളിലാക്കിയാണ് ഇറച്ചി നൽകുന്നത്. ഒരു കണ്ടെയ്‌നറിന് 40 രൂപയാണ് ഈടാക്കുന്നത്. ആവശ്യംകഴിഞ്ഞ് തിരികെ ഏൽപ്പിക്കുകയാണെങ്കിൽ പണം തിരികെ നൽകും.

കവർ നൽകാത്തതിൽ ചിലരൊക്കെ അതൃപ്തി അറിയിക്കുന്നുണ്ടെങ്കിലും കൂടുതൽപേരും സഹകരിക്കുന്നുണ്ടെന്ന് മലബാർ ചിക്കൻസ്റ്റാൾ ഉടമ സജീർ മലബാർ പറഞ്ഞു.

പുതിയരീതി ശീലമാകാനുള്ള ബുദ്ധിമുട്ടാണ് ഇപ്പോൾ ആളുകൾക്കുള്ളത്. ഹോട്ടലുകളിലേക്ക് ബക്കറ്റിലാണ് ഇറച്ചി എത്തിക്കുന്നത്. പാത്രം വേണ്ടാത്തവർക്ക് പേപ്പറിൽ പൊതിഞ്ഞ് നൽകുന്നുണ്ടെന്നും സജീർ പറഞ്ഞു.