മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരേ സംയുക്ത സമരസമിതി നടത്തിയ ഹർത്താലിൽ ജനം വലഞ്ഞു. അർധവാർഷിക പരീക്ഷ നടക്കുന്ന ദിവസമായതിനാൽ കുട്ടികളും രക്ഷിതാക്കളുമാണ് ഏറെ ബുദ്ധിമുട്ടിയത്. വലിയ അക്രമസംഭവങ്ങൾ ജില്ലയിൽ ഉണ്ടായിരുന്നില്ല. പൊതുവേ സമാധാനപരമായിരുന്നു. അക്രമങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് 52 പേരാണ് ജില്ലയിൽ അറസ്റ്റിലായത്. ഹർത്താൽ അനുകൂലപ്രകടനം നടത്തിയതിന് ഇരുനൂറിലധികം പേർക്കെതിരേയും കേസെടുത്തു.

പൊന്നാനിയിലും തിരൂരിലുമായി പോലീസിനെ ആക്രമിച്ച രണ്ടുപേർക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം അറിയിച്ചു. 79 പേരെയാണ് മുൻകരുതലായി അറസ്റ്റ്‌ചെയ്തിരുന്നത്. തിങ്കളാഴ്ച വളാഞ്ചേരിയിലും എടക്കരയിലും പ്രകടനം നടത്തുകയും ഹർത്താൽ നോട്ടീസ് വിതരണം ചെയ്യുകയുംചെയ്ത നൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് എസ്.പി. പറഞ്ഞു.

പെരിന്തൽമണ്ണ മാർക്കറ്റിലെ കടകൾ അടപ്പിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പോലീസ് വിരട്ടിയോടിച്ചു. 15 പേരെ കസ്റ്റഡിയിലെടുത്തു. തിരൂരിൽ എൺപതോളം പേർക്കെതിരേ കേസെടുത്തു. ഇതിൽ 35 പേരെ അറസ്റ്റ്‌ചെയ്തു. താനൂരിൽ 19 പേരെയും കസ്റ്റഡിയിലെടുത്തു.

താനൂരിൽ ഹർത്താൽ ഭാഗികമായിരുന്നു. പരപ്പനങ്ങാടിയിൽ മീൻപിടിത്ത തൊഴിലാളികളെ ഹർത്താൽ ബാധിച്ചില്ല.

എം.എസ്.എഫ്. മലപ്പുറം ജില്ലാപ്രസിഡന്റ് റിയാസ് പുൽപ്പറ്റയുടെ വാഹനത്തിനുനേരെ എസ്.ഡി.പി.ഐ. പ്രവർത്തകരുടെ ആക്രമണമുണ്ടായതായി എം.എസ്.എഫ്. അറിയിച്ചു. സ്വന്തം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിനുനേരെ ആക്രമണമുണ്ടായത്.

സ്വകാര്യബസുകൾ ഒഴിച്ചുനിർത്തിയാൽ നിരത്തുകൾ സജീവമായിരുന്നു. രാവിലെ 11.30 വരെ കോഴിക്കോട്-പാലക്കാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് ഓടി. അവശ്യസേവനങ്ങൾക്ക് ഓട്ടോറിക്ഷകൾ ലഭ്യമായിരുന്നു.

ഭൂരിഭാഗം കടകളും ബാങ്കുകളും തുറന്നു. ചിലയിടങ്ങളിൽ തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമമുണ്ടായി. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ പ്രകടനം നടത്തി. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹാജർനില കുറവായിരുന്നു. വൈകീട്ട് കെ.എസ്.ആർ.ടി.സി. ബസുകളും ഏതാനും സ്വകാര്യബസുകളും ഓടി.

എഴുതാത്തവർക്ക് വീണ്ടും പരീക്ഷ

അർധവാർഷിക പരീക്ഷ ഹർത്താൽ ദിവസം എഴുതാൻ സാധിക്കാത്തവർക്ക് മറ്റൊരുദിവസം സ്‌കൂളിൽ പരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കുമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്. കുസുമം അറിയിച്ചു.