മലപ്പുറം: മൂന്നാമത് റോയൽകപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച ഒതുക്കുങ്ങൽ റോയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. വൈകീട്ട് 7.30-ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം ഉദ്ഘാടനം നിർവഹിക്കും.
രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ആദ്യദിനം അൽ മദീന ചെർപ്പുളശ്ശേരിയും ഉദയ അൽ മിൻഹാൽ വളാഞ്ചേരിയും ഏറ്റുമുട്ടും. ഈ സീസണിൽ മൂന്ന് വിദേശ താരങ്ങൾവീതം ഓരോടീമിലും കളിക്കും. 6,000 പേർക്കിരിക്കാവുന്ന ഗാലറിയിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് 50 രൂപയാണ് നിരക്ക്. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾക്ക് നിരക്കിൽ മാറ്റമുണ്ടാകും.
പത്രസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പുല്ലാണി സൈദ്, ജനറൽ കൺവീനർ റോയൽ മുസ്തഫ, അഡ്വ. സി.കെ. അബ്ദുറഹ്മാൻ, കുരുണിയൻ മായീൻ, എം.എ. ലത്വീഫ് പങ്കെടുത്തു.