കോട്ടയ്ക്കൽ: പ്രമേഹം പ്രധാനമായും ഒരു ജീവിതശൈലീരോഗമായതിനാൽ അതിനെ നേരിടാൻ ജീവിതം ചിട്ടപ്പെടുത്തിയേ പറ്റൂവെന്ന് കോട്ടയ്ക്കൽ സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന പ്രമേഹദിന സെമിനാർ അഭിപ്രായപ്പെട്ടു. ആര്യവൈദ്യശാലാസ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയരുടെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയ്ക്കൽ നഗരസഭയും ആര്യവൈദ്യശാലയും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു സെമിനാർ.

ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ കൂടുതൽ കേരളത്തിലും. മലപ്പുറത്തും പ്രമേഹരോഗികളുടെ എണ്ണം വളരെക്കൂടുതലാണ്. ആഹാരനിയന്ത്രണം, വ്യായാമം, സമ്മർദലഘൂകരണം, മരുന്നുകൾ എന്നിങ്ങനെ നാലുമാർഗങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം. ആഹാരം സമീകൃതമാകണം. ജങ്ക്ഫുഡ് പോലുള്ളവ ഒഴിവാക്കണം. സമ്മർദം കുറയ്ക്കാൻ യോഗ, ധ്യാനം തുടങ്ങിയ മാർഗങ്ങൾ പ്രയോജനപ്പെടുത്താം -സെമിനാർ അഭിപ്രായപ്പെട്ടു.

‘പ്രമേഹം-ലക്ഷണവും ചികിത്സയും’ എന്ന വിഷയത്തിൽ അൽമാസ് ഹോസ്‌പിറ്റലിലെ ഡോ. അലവി ഇല്ലിക്കോട്ടിൽ, ആര്യവൈദ്യശാലാ ഡെപ്യൂട്ടി ഫിസിഷ്യൻ ഡോ. ആർ.എസ്. ജിതിൻരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എ.വി.എസ്.ആർ. ആൻഡ്. ഡി. ചീഫ് ഡോ. ടി.എസ്. മാധവൻകുട്ടി മോഡറേറ്ററായി. ആര്യവൈദ്യശാലാ അഡീഷണൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ. മുരളീധരൻ, ഡോ. സുശീല ബേബി, ഡോ. പി. ബാലചന്ദ്രൻ, ഡോ. പി.ആർ. രമേഷ് എന്നിവരടങ്ങിയതായിരുന്നു ചർച്ചയുടെ പാനൽ.

സെമിനാർ കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനംചെയ്തു. ആയുർവേദ ഡി.എം.ഒ ഡോ. സുശീല ബേബി അധ്യക്ഷതവഹിച്ചു. ആര്യവൈദ്യശാലാ ചാരിറ്റബിൾ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ. പി. ബാലചന്ദ്രൻ, ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിരാബാലചന്ദ്രൻ, ടെക്‌നിക്കൽ സർവീസസ് ചീഫ് ഡോ. ടി.എസ്. മുരളി, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. അലവി എന്നിവർ സംസാരിച്ചു.