പൊന്നാനി: ഭാരതപ്പുഴയിൽ വളർന്നുനിൽക്കുന്ന ചെങ്ങണാംപുൽക്കാടുകളും മണൽക്കൂനകളും ഒഴുക്ക് തടസ്സപ്പെടുത്തുന്നു. രണ്ടുവർഷമായി പൊന്നാനിയിൽ വലിയ പ്രളയമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തൽ. പുഴ അറബിക്കടലിൽ സംഗമിക്കുന്ന പൊന്നാനി പള്ളിക്കടവ് മുതൽ കുറ്റിപ്പുറം ചെമ്പിക്കൽ വരെയുള്ള ഭാഗത്ത് ഉയർന്നുനിൽക്കുന്ന മണൽത്തിട്ടയിലെ ചെങ്ങണാംപുൽക്കാടുകൾ പുഴയുടെ ഗതിമാറ്റത്തിനൊപ്പം നീരൊഴുക്ക് കാര്യമായി തടയുകയും ചെയ്യുന്നു. കുറ്റിക്കാട്, ചമ്രവട്ടം, നരിപ്പറമ്പ്, കുറ്റിപ്പുറം മേഖലകളിലാണ് പുഴയെ രണ്ടായി ഭാഗിച്ചുകൊണ്ട് വൻ വിസ്‌തൃതിയിൽ മണൽക്കൂനകൾ രൂപപ്പെട്ടിരിക്കുന്നത്. കുറ്റിപ്പുറം മുതൽ പാലക്കാട് വരെ ഭാരതപ്പുഴയ്ക്ക് പൊതുവെ വീതികുറവാണ്. എന്നാൽ പൊന്നാനി കുറ്റിക്കാട് മുതൽ കുറ്റിപ്പുറം വരെ മറ്റിടങ്ങളെ അപേക്ഷിച്ച് വീതി ഇരട്ടിയുണ്ട്. ഇവിടെ ഒഴുക്കിന്റെ ശേഷി കുറവായതാണ് പുൽക്കാടുകൾ വ്യാപകമായി മുളച്ചുപൊന്താൻ കാരണമായതെന്നാണ് വിലയിരുത്തൽ. പാലക്കാട് മലനിരകളിൽനിന്ന് വർഷകാലത്ത് ഒലിച്ചുവരുന്ന ചെളി കെട്ടിനിന്നാണ് പുൽക്കാടുകൾ രൂപാന്തരപ്പെടുന്നത്. പുഴയിലെ മണൽ ചെളിക്കൂനകളിൽ ഇഴുകിച്ചേരുന്നതിനാൽ വൻ മണൽത്തിട്ടകളായി മാറുകയാണ് ചെയ്യുന്നത്. പുഴയുടെ തീരത്തുനിന്നുള്ള മണൽവാരലും പുൽക്കാടുകൾ വളരുന്നതിന് കാരണമായി. ഇങ്ങനെ നിയന്ത്രണമില്ലാതെ കരയോരത്തുനിന്ന് മണലെടുത്തതിനാൽ മധ്യഭാഗം ജലനിരപ്പിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത്.

പുതുതായി ഭാരതപ്പുഴയോരത്ത് നിർമിച്ച കർമ റോഡിലെ ഈശ്വരമംഗലം ഭാഗത്ത് പറമ്പുകളിലെ വെള്ളം പുഴയിലേക്കൊഴിഞ്ഞുപോകാൻ വലിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ കാലവർഷത്തിൽ പുഴവെള്ളം കരയിലേക്ക് കയറിയതോടെയാണ് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടൊഴിയേണ്ടിവന്നത്. കർമ റോഡിന് സംരക്ഷണഭിത്തി ഉയർത്തണമെന്നും പൈപ്പുകൾക്ക് ചീർപ്പുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നരിപ്പറമ്പിലെ ഇറിഗേഷന്റെ കനാൽവഴിയാണ് ഈ മേഖല മുഴുവൻ വെള്ളം കയറാനിടയായത്. കനാലിനും ചീർപ്പുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷം പ്രളയംമൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് പൊന്നാനിയിലും നരിപ്പറമ്പിലും വീടൊഴിയേണ്ടിവന്നത്.