മലപ്പുറം: ജില്ലയിൽ മഴ കുറയാത്ത സാഹചര്യത്തിൽ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം 24,151 കടന്നു. 185 ക്യാമ്പുകളാണ് ജില്ലയിൽ ആകെ തുറന്നിട്ടുള്ളത്. എന്നാൽ, പല ക്യാമ്പുകളിലും അവശ്യ സാധനങ്ങൾപോലും കിട്ടാനില്ല.

ഉടുതുണിയുമായി വീടുകളിൽനിന്ന് ഇറങ്ങിയവരാണ് എല്ലാവരും. മാറിയുടുക്കാൻ വസ്ത്രമോ അത്യാവശ്യത്തിനുള്ള സാധനങ്ങളോ ഒന്നും കൈയിൽ കരുതാൻ കഴിഞ്ഞില്ല. ക്യാമ്പുകളിൽ എത്ര ദിവസം തുടരേണ്ടിവരുമെന്നും അറിയില്ല.

കൈക്കുഞ്ഞുങ്ങളും പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും അവശ്യസാധനങ്ങൾ കിട്ടാതെ ക്യാമ്പുകളിൽ ബുദ്ധിമുട്ടുകയാണ്. എത്രയുംപെട്ടന്ന് ഇവിടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് പൊതുജനങ്ങളും സഹായിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.

അവശ്യസാധനങ്ങളുടെ ശേഖരണത്തിനായി മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ (0483 2766121-ഏറനാട് താലൂക്ക് ഓഫീസ്), വണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ(9544785108, 9446921444), മലപ്പുറം കളക്ടറേറ്റ്(0483 2736320, 0483 2736326) എന്നിവടങ്ങളിൽ കളക്‌ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്.

അവശ്യ സാധനങ്ങൾ

കുടിവെള്ളം, പായ, കമ്പിളിപ്പുതപ്പ്, സാനിറ്ററി നാപ്കിൻ, അഡൽറ്റ് ഡയപ്പർ, കുട്ടികളുടെ വസ്ത്രങ്ങൾ, നൈറ്റി, മുണ്ട്, അടിവസ്ത്രങ്ങൾ, അരി, ചെറുപയർ, പരിപ്പ്, കടല, ബിസ്‌കറ്റ്, ബ്രഡ്, കുട്ടികൾക്കുള്ള ഭക്ഷണം, മരുന്നുകൾ, ഡെറ്റോൾ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ക്ലോറിൻ, ബ്ലീച്ചിങ് പൗഡർ, ഹവായ് ചെരുപ്പ്, മെഴുകുതിരി, തീപ്പെട്ടി, ചെറിയ ടോർച്ച്, ജെനറേറ്ററുകളിലേക്ക് ഡീസൽ.

ജില്ലയിലെ ക്യാമ്പുകൾ

താലൂക്ക്-ക്യാമ്പുകളുടെ എണ്ണം-കുടുംബങ്ങളുടെ എണ്ണം- ആളുകളുടെ എണ്ണം

നിലമ്പൂർ-45-2,131-8,681

ഏറനാട്-55 - 1,562-5,366

പൊന്നാനി -8 -553-1,815

കൊണ്ടോട്ടി -17-169-768

പെരിന്തൽമണ്ണ-23-464-1,790

തിരൂർ-15-974- 2,435

തിരൂരങ്ങാടി -24-981-3,296