മലപ്പുറം: അമ്മയെ നോക്കാൻ മക്കൾ തയ്യാറല്ല. പക്ഷെ, അമ്മയുടെ സ്വത്തുവേണം. പരാതിയുമായി 80 വയസ്സുകാരി വനിതാകമ്മിഷന് മുന്നിലെത്തി.
ഏക്കറുകളോളം വരുന്ന സ്ഥലമുൾപ്പെടെയുളള സ്വത്തുക്കൾ മക്കൾക്ക് വീതംെവച്ച് നൽകിയതിനുശേഷം മക്കൾ നോക്കുന്നില്ലെന്നാണ് പരാതി. ആറു മക്കളുണ്ട്, എന്നാൽ സ്വത്തിന് അമ്മയ്ക്ക് ഇനി അവകാശമില്ലെന്ന തരത്തിൽ മക്കൾ പെരുമാറുകയും വീട്ടിൽ സംരക്ഷണം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരി കമ്മിഷനെ സമീപിച്ചത്.
ആറുമക്കളിൽ നിരന്തരമായി ഉപദ്രവിക്കുന്ന മകനോട് പേലീസിനുമുൻപിൽ ഹാജരാവാൻ കമ്മിഷൻ നിർദേശിച്ചു. ശനിയാഴ്ച മലപ്പുറത്തുനടന്ന അദാലത്തിലായിരുന്നു കമ്മിഷന്റെ നിർദേശം. പരാതി അന്വേഷിക്കാൻ ആർ.ഡി.ഒക്ക് നിർദേശം നൽകി.
എതിർകക്ഷികൾ ഹാജരാകാത്തത് സ്ഥിരംസംഭവമായി മാറുന്നതായും ഇത് പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണമാകുന്നുണ്ടെന്നും കമ്മിഷൻ പറഞ്ഞു. പ്രായമായ രക്ഷിതാക്കളെ മക്കൾ സംരക്ഷിക്കാത്ത കേസുകളും സ്വത്തുതർക്കങ്ങളും കുടുംബപ്രശ്നങ്ങളും സംബന്ധിച്ച പരാതികൾ കൂടിവരുന്നതായി കമ്മിഷൻ അറിയിച്ചു.
ആകെ 62 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. എട്ടു പരാതികൾ തീർപ്പാക്കി. മൂന്നു പരാതികൾ തുടർനടപടികൾക്കായി പൊലീസിനു കൈമാറി. ബാക്കി പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. വനിതാകമ്മിഷൻ അംഗം ഇ.എം. രാധ, അഡ്വ. കെ. രാജേഷ്, അഡ്വ. റീബ എബ്രഹാം, അഡ്വ. പ്രീതി ശിവരാമൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
അധ്യാപകർ തമ്മിൽ സൗഹൃദാന്തരീക്ഷം ഉണ്ടാകണം- എം.സി. ജോസഫൈൻ
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകർ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
തൊഴിലിടങ്ങളിൽ സഹപ്രവർത്തകർ തമ്മിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളാണ് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങളായി മാറുന്നതെന്നും അതിനാൽ സഹവർത്തിത്വത്തിൽ പ്രവർത്തിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സ്കൂൾ പ്രഥമാധ്യാപകനെതിരേ അതേ സ്കൂളിലെ അധ്യാപിക നൽകിയ പരാതി പരിഗണിക്കവെയായിരുന്നു കമ്മിഷന്റെ നിർദേശം.
അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നു എന്നുകാണിച്ച് 2016-ൽ അധ്യാപിക നൽകിയ പരാതിയാണ് കമ്മിഷൻ തീർപ്പാക്കിയത്.