വണ്ടൂർ: സ്കൂൾ വിദ്യാർഥികളുൾപ്പടെയുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചോക്കാട് പെടയന്താൾ മാഞ്ചേരി നൗഷാദലി(47), ചോക്കാട് പരുത്തിപ്പറ്റ മുതുകുളം സുധീർ(34) എന്നിവരെയാണ് കാളികാവ് എക്‌സൈസ് സംഘം പിടികൂടിയത്.

ചോക്കാട് അങ്ങാടിയിൽ നൗഷാദലി നടത്തുന്ന ബേക്കറി കേന്ദ്രീകരിച്ചായിരുന്നു ലഹരിവിൽപന നടത്തിയിരുന്നത്. കടയിൽ നടത്തിയ പരിശോധനയിൽ ആയിരത്തിലധികം പാക്കറ്റ് ഹാൻസും പിടിച്ചെടുത്തു.

ചോക്കാട്, കാളികാവ് മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് ഹാൻസ് വ്യാപകമായി ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിൽപനയെക്കുറിച്ച് വിവരംലഭിച്ചത്. കർണാടകയിൽനിന്നും എത്തിക്കുന്ന പത്തുരൂപയുടെ ഹാൻസ് പാക്കറ്റ് നാൽപതുംഅമ്പതും രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.

ലൈസൻസ് ദുരുപയോഗംചെയ്ത് കച്ചവടം നടത്തുന്ന ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു. പ്രവന്റീവ് ഓഫീസർമാരായ എൻ. ശങ്കരനാരായണൻ, ഇന്റലിജൻസ്‌വിഭാഗം പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, പി.വി. സുഭാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്. അരുൺകുമാർ, ഇ. ജിഷിൽ നായർ, സവാദ് നാലകത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.